കൂൺ കൃഷി ഗവേഷണത്തിന് രാഹുൽ ഗോവിന്ദിന്റെ മൺസൂൺ മഷ്റൂം
1538463
Tuesday, April 1, 2025 12:48 AM IST
ഇരിട്ടി: കൂൺ കൃഷിയിൽ പുതിയ മേഖലകൾ തേടിയുള്ള യാത്രയിലാണ് മൺസൂൺ മഷ്റൂം എന്ന സ്ഥാപനത്തിന്റെ ഉടമ രാഹുൽ ഗോവിന്ദ് . ദേശീയ പുരസ്കാര ജേതാവുകൂടിയായ പുന്നാട് സ്വദേശിയായ രാഹുൽ ഗോവിന്ദിന്റെ സ്വദേശത്തെ പുതിയ സംരംഭമാണ് കൂൺ കൃഷി ഗവേഷണ - വിത്തുത്പാദന -പഠന കേന്ദ്രം.
കേരളത്തിൽ തന്നെ ഹൈടെക് കൂൺ കൃഷിയുടെ പ്രചാരകനായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സംരംഭം ഇന്ന് രാവിലെ എട്ടിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കേരളത്തിൽ കൂൺ ഉല്പന്നങ്ങളുടെ പുതിയ വിഭവമായ കുൺ ബിരിയാണിയുടെ ലോഞ്ചിംഗും മന്ത്രി നിർവഹിക്കും.
കേരളത്തിനകത്തും പുറത്തും കൂൺ കൃഷിയുടെ പ്രചാരകനായി പ്രവർത്തിക്കുന്ന രാഹുൽ ആറളം ഫാമിൽ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി ഹൈടെക് ഫാം സ്ഥാപിച്ചിരുന്നു . ഇവിടെ നിന്നും കൂണി ന്റെ മൂല്യവർധിത ഉത്പന്നങ്ങളായ കൂൺ അച്ചാർ, ചമ്മന്തി പൊടി തുടങ്ങിയവ പുറത്തിറക്കി യിരുന്നു. കൂൺ കൃഷിക്ക് ഒപ്പം മൂല്യവർധിത ഉത്പന്നങ്ങളുടെ ഗവേഷണം, വിപണനം , പഠനം, കൃഷി രംഗത്തു താത്പര്യമുള്ളവർക്കുള്ള പരിശീലനം എന്നിവയാണ് ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.
കൂൺ കൃഷിയിൽ താത്പര്യമുള്ളവർക്ക് കൂൺ വിത്തിടൽ വിളവ് ശേഖരണം ഉൾപ്പെടെ ഉൾപ്പെടുത്തി ഗവേഷണ കേന്ദ്രത്തിൽ തന്നെ താമസിച്ചു പഠനം നടത്താനുള്ള സൗകര്യങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് രാഹുൽ ഗോവിന്ദ് പറഞ്ഞു.