രോഗങ്ങൾക്ക് കാരണം ഭക്ഷണക്രമം: മന്ത്രി
1538740
Wednesday, April 2, 2025 1:13 AM IST
ഇരിട്ടി: നല്ല ആരോഗ്യത്തിന് നമ്മൾ ആദ്യം മുൻഗണന നല്കേണ്ടത് ഭക്ഷണ രീതിയിലാണെന്ന് മന്ത്രി പി. പ്രസാദ്. കിട്ടിയതൊക്കെ ഭക്ഷിച്ചശേഷം പൂജയും പ്രാർഥനയും നടത്തിയിട്ട് ഒരു കാര്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു. പുന്നാട്ടെ കൂൺ കർഷകനും ദീപിക അഗ്രി എന്റർപ്രണർ അവാർഡ് ജേതാവുമായ രാഹുൽ ഗോവിന്ദിന്റെ മഷ്റൂം എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യം ശ്രദ്ധിക്കാതെയാണ് നമ്മൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അത് നമ്മെ അപകടത്തിലേക്ക് നയിക്കുകയാണ്. രോഗങ്ങൾക്ക് വഴിവയ്ക്കുന്ന പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണെന്ന് ഐസിഎംആറിന്റെ റിപ്പോർട്ടിൽ പറയുന്നു. വയലും വീടും എന്നത് മാറി ഇന്ന് കടയും വീടും എന്നാവുകയും ഇപ്പോഴത് ആപ്പും വീടും എന്നതിലക്ക് എത്തിയെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മൺസൂൺ മഷ്റൂമിന്റെ നൂതന ഉത്പന്നത്തിന്റെ വിപണനോദ്ഘാടനവും ആദരവും ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയും സബ് കളക്ടർ കാർത്തിക് പാണിഗ്രാഹിയും നിർവഹിച്ചു. ജില്ലാ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, എലിസബത്ത് (കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രം), കൗൺസിലർമാരായ സി.കെ. അനിത, എ.കെ. ഷൈജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പായം ബാബുരാജ്, സത്യൻ കൊമ്മേരി, പി.പി. മുകുന്ദൻ, സി.കെ. ശശീന്ദ്രൻ രാഹുൽ ഗോവിന്ദ്. എം.ജി. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
ടർക്കി ടെയിൽ മഷ്റൂം
പഠന സംഘത്തിൽ രാഹുലും
ഇരിട്ടി: കാൻസർ പ്രതിരോധരംഗത്ത് ടർക്കി ടെയിൽ മഷ്റൂമിനെക്കുറിച്ച് പഠിക്കാനുള്ള കേരള സംഘത്തിൽ രാഹുൽ ഗോവിന്ദിനെയും ഉൾപ്പെടുത്തിയതായി മന്ത്രി പി. പ്രസാദ്. ഇന്ത്യയിലെ കൂൺ കൃഷിയെക്കുറിച്ച് പഠനം നടത്തുന്ന ഹിമാചൽ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച് സെന്ററിലാണ് കേരളത്തിൽ നിന്നുള്ള സംഘം പഠനത്തിന് പോകുന്നത്. കേരളത്തിൽ ടർക്കി ടെയിൽ മഷ്റൂമിന്റെ ഉത്പാദനവും പരിചരണവും ഉൾപ്പെടെയുള്ള സാധ്യതയെക്കുറിച്ച് പഠിക്കുന്നതിനാണ് കേരളത്തിലെ തന്നെ അറിയപ്പെടുന്ന മൺസൂൺ മഷ്റൂമിന്റെ ഉടമയായ രാഹുൽ ഗോവിന്ദിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംഘത്തിന്റെ സന്ദർശനം.