മാവിലംപാറയിലെ അനധികൃത ചെങ്കൽ ഖനനം: വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു
1538745
Wednesday, April 2, 2025 1:14 AM IST
ചപ്പാരപ്പടവ്: ചുഴലി വില്ലേജിലെ മാവിലംപാറയിലെ അനധികൃത ചെങ്കൽ ഖനനം ചപ്പാരപ്പടവ് പഞ്ചായത്തിലെ ബാലേശുഗിരി, പടപ്പേങ്ങാട് പ്രദേശങ്ങളിലെ ജനജീവിതത്തിന് ഭീഷണിയും ദുരിതവുമായ സാഹചര്യത്തിൽ ചുഴലി വില്ലേജ് ഓഫീസർ എ.പി. രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടർക്ക് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ നിർദേശ പ്രകാരമാണ് ചുഴലി വില്ലേജ് ഓഫീസർ എ.പി. രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ആക്ഷൻ കമ്മിറ്റി ചെയർമാനും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ സുനിജ ബാലകൃഷ്ണൻ, കൺവീനർ എ.എൻ. വിനോദ്, ഭാരവാഹികളായ ജോസ് മുടവനാട്ട്, മനോജ് ശാസ്താംപടവിൽ, വിൽസൺ കിഴക്കേക്കര, ബിനോയ് കൊച്ചുപുരയ്ക്കൽ, അരുൺ ബാബു, ജോബി കിഴക്കേക്കര തുടങ്ങിയവരും പ്രദേശവാസികളും, ചെങ്ങളായി പഞ്ചായത്ത് മെംബർമാരായ പി. സനിത, കെ. ശിവദാസൻ എന്നിവരും സന്നിഹിതരായിരുന്നു.
ബാലേശുഗിരിയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ കുടിവെള്ളം മലിനമാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്ന വ്യാജരേഖകൾ ചമച്ചുള്ള അനധികൃത ചെങ്കൽ ഖനനം അടിയന്തരമായി നിർത്തിവയ്ക്കാനും, വലിയ ഗർത്തമുള്ള ചെങ്കൽക്കുഴി മണ്ണിട്ട് മൂടാനുമുള്ള നടപടി സ്വീകരിക്കുവാനും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.