ഓലയമ്പാടിയിൽ കാർഷിക വിളകൾ നശിച്ചു, വീടുകൾക്കും നാശം
1538744
Wednesday, April 2, 2025 1:14 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിലെ ഓലയമ്പാടി ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. നെല്ല്യോട്, ചട്ട്യോൾ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു.
മാതമംഗലം സ്വദേശിയായ അബ്ദുൾ ഫത്താഹ്, മൻസൂറ എന്നിവർ ഓലയമ്പാടിയിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത അഞ്ചേക്കറോളം വരുന്ന നേന്ത്രവാഴ കൃഷിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. അഞ്ഞൂറോളം വാഴകൾ നശിച്ചുവെന്ന് ഫത്താഹ് പറഞ്ഞു.
വിഷു വിപണി ലക്ഷ്യമാക്കി ഒരുക്കിയ നേന്ത്രവാഴ കൃഷിക്കാണ് നാശനഷ്ടം സംഭവിച്ചത്. കുലച്ചതും വിളവെടുക്കാൻ പാകത്തിൽ തയറായ വാഴകളുമാണ് നശിച്ചത്. ഏകദേശം നാലുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വാർഡിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വാർഡ് മെംബർ എം.കെ. കരുണാകരൻ പറഞ്ഞു.
പനയന്തിട്ട ഗോവിന്ദൻ, പി.പി. സുജയ എന്നിവരുടെ വീടിനു മുകളിലേക്ക് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. വലിയ മരങ്ങൾ ഫയർഫോഴ്സ് എത്തിയാണ് മുറിച്ചുമാറ്റിയത്. വൈദ്യുതി ഇന്നത്തേയ്ക്ക് മാത്രമേ പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ എന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ കൃഷി വകുപ്പ് അധികൃതർ സന്ദർശിച്ചു. കൃഷി നാശം സംഭവിച്ച കർഷകർക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് സാമ്പത്തിക സഹായമുൾപ്പെടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി ഓഫീസർ ടി. കൃഷണപ്രസാദ് അറിയിച്ചു. അസി. കൃഷി ഓഫീസർ ടി. തമ്പാൻ, കൃഷി അസിസ്റ്റന്റ് ടി.പി. സതീശൻ എന്നിവരും ഉണ്ടായിരുന്നു.