പയ്യാവൂർ പട്ടയമേള മൂന്നാംഘട്ടത്തിൽ
1539082
Thursday, April 3, 2025 2:02 AM IST
പയ്യാവൂർ: സംസ്ഥാനത്തിന് തന്നെ മാതൃകയായി പയ്യാവൂർ പഞ്ചായത്ത് നേതൃത്വം നൽകി വരുന്ന പട്ടയമേള മൂന്നാം ഘട്ടത്തിൽ. കൈവശമുള്ള രേഖകളുടെ പഞ്ചായത്തുതല പരിശോധനയായിരുന്നു ആദ്യം നടന്നത്. ഈ പരിശോധനയിൽ നിരവധി പേർക്ക് പട്ടയമില്ലന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വാർഡ് തലത്തിലുള്ള പരിശോധനാ ക്യാമ്പ് പൂർത്തിയാക്കി അപക്ഷകൾ തയാറാക്കി. എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും പ്രവർത്തിക്കുന്ന സ്ഥിരം ഹെൽപ് ഡെസ്ക്കുകൾ ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട്.
എഴ് വാർഡുകളിൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ അളന്ന് സ്ഥിരീകരിച്ചു. ലാൻഡ് ട്രൈബ്യൂണലിൽ അപേക്ഷകൾ ഓരോ ബാച്ചായി തിരിച്ച് സമർപ്പിക്കാനാണ് തീരുമാനം. ആദ്യ ബാച്ചിലെ അപേക്ഷകൾ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേരിട്ടെത്തി സമർപ്പിച്ചു.
ഇനി എല്ലാ ആഴ്ചകളിലും ഇത് തുടരും. ആദിവാസി മേഖലയിലെയും രേഖകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിച്ചാലും ഏറ്റെടുത്ത കാര്യങ്ങൾ സൗജന്യമായി നിർവഹിച്ച് നൽകുമെന്നും പട്ടയം നേടിയെടുക്കുന്നതിനായി ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീന ജോൺ, റിട്ട. ഡപ്യൂട്ടി തഹസിൽദാർ ടി.കെ. പവിത്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.