കണ്ണൂർ ജില്ലാ ആശുപത്രിയിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
1539040
Thursday, April 3, 2025 12:02 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ബോഡി സ്കാനിംഗ് സംവിധാനം, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, ജനറേറ്റർ ഷെഡ് എന്നിവ സംബന്ധിച്ച് ഓഡിറ്റിംഗ് വിഭാഗം വിശദീകരണം തേടി.
ജില്ലാ ആശുപത്രിയിൽ ആർദ്രം മിഷൻ പ്രകാരം സ്ഥാപിച്ച സിടി.സ്കാൻ, അൾട്രാ സൗണ്ട് സംവിധാനങ്ങളും രണ്ട് റേഡിയോളജിസ്റ്റുമാരുണ്ടായിട്ടും ബോഡി സ്കാനിംഗിന് സ്വകാര്യ കന്പനിയെ ഏല്പിച്ചതെന്തിനെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചോദിക്കുന്നു. ബോഡി സ്കാനിംഗിന്റെ നടത്തിപ്പ് ചുമതല നൽകിയ ക്ലോഡക്സ് എന്ന സ്ഥാപനം ഒരു ബോഡി സ്കാനിംഗിന് 375 രൂപ പ്രകാരവും റേഡിയോളജിസ്റ്റിന്റെ ഫീസും രോഗികളിൽ നിന്ന് ഈടാക്കിയിരുന്നു. ഇത്തരത്തിൽ 69.06 ലക്ഷം രൂപ ജില്ലാ ആശുപത്രി സ്വകാര്യ കന്പനിക്ക് നൽകിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ രോഗികൾക്ക് ചികിത്സാ സഹായമായി ലഭിക്കേണ്ട 71.12 ലക്ഷം രൂപ ജില്ലാ ആശുപത്രിയുടെ നടപടിക്രമങ്ങളിലെ പാളിച്ചകൾ മൂലം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഭാരത് പെട്രോളിയം കോർപറേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച പിഎസ്എ ഓക്സിജൻ ജനറേഷൻ പ്ലാന്റിന്റെ പരിപാലനത്തിലും ക്രമക്കേടുകൾ നടന്നതായുള്ള സംശയമാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.
കോയന്പത്തൂരിലുള്ള സമ്മിറ്റ്സ് ഹൈഡ്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനി ഒരു വർഷ വാറണ്ടിയോടു കൂടി 2021 ഒക്ടോബർ എട്ടിനാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് ജനുവരി 14ന് തകരാറിലായി. എന്നാൽ വാറണ്ടിയുണ്ടായിട്ടും അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാൻ നടപടി ഉണ്ടായില്ല. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയപ്പോൾ വാർഷിക പരിപാലനം സംബന്ധിച്ച് കരാർ വച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടു വർഷത്തോളമായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപയുൾപ്പെടെ 92 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പ്ലാന്റ് നിർമിച്ചത്. ഓക്സിജൻ പ്ലാന്റിലെ കംപ്രസർ പ്രവർത്തിക്കാത്തതാണ് പ്ലാന്റ് നിശ്ചമാകാൻ കാരണം. കംപ്രസർ പ്രവർത്തനക്ഷമമാക്കാത്ത് കാരണം 517 ദിവസം കൊണ്ട് ബാൽകോ എയർ പ്രൊഡക്ട് എന്ന കന്പനിയിൽ നിന്ന് 51.20 ലക്ഷം രൂപയ്ക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. പ്ലാന്റ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ ഈ ചെലവ് ഒഴിവാക്കാമായിരുന്നുവെന്ന് റിപ്പോർട്ടിൽ കുറിപ്പെഴുതിയിട്ടുണ്ട്.
ആർഎസ്ബിവൈ അക്കൗണ്ടിൽ നിന്ന് ലോണായി വാങ്ങിച്ച് 10.61 ലക്ഷം രൂപയുടെ ജനറേറ്റർ ഷെഡ് നിർമിച്ചതായി കണക്കുളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്തരമൊരു ഷെഡ് പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.