മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ചരമവാർഷിക ദിനാചരണം ഇന്ന്
1539366
Friday, April 4, 2025 1:10 AM IST
കണ്ണൂർ: തലശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ പത്തൊൻപതാം ചരമ വാർഷിക ദിനാചരണമാണ് ഇന്ന്. 35 വർഷം തലശേരി രൂപതയുടെ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 2006 ഏപ്രിൽ നാലിനാണ് അന്തരിച്ചത്.
നിശ്ചയദാർഢ്യമുള്ള വാക്കുകൾ, ലളിതമായ ജീവിതരീതി, പതിഞ്ഞ വാക്കുകൾ, പുഞ്ചിരിക്കുന്ന മുഖം ഇതൊക്കെയായിരുന്നു പിതാവിന്റെ സവിശേഷത. മലബാറിലെ കുടിയേറ്റ മേഖലയ്ക്ക് മാർ വള്ളോപ്പിള്ളിയെ ഒരിക്കലും മറക്കാൻ കഴിയില്ല. മലന്പനിയും കാട്ടുമൃഗങ്ങളും പ്രതികൂലമായ സാഹചര്യങ്ങളും കുടിയേറ്റ ജനതയെ വേട്ടയാടിയ അവസരത്തിൽ അവർക്ക് ആത്മവിശ്വാസം പകർന്നതു പിതാവിന്റെ വാക്കുകളായിരുന്നു,
മലബാറിന്റെ മോസസ്, ഗാന്ധിയൻ ബിഷപ്, കുടിയേറ്റ ജനതയുടെ പിതാവ്, പൊരുതുന്ന ബിഷപ്, ആധ്യാത്മിക ആചാര്യൻ... ഇങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെട്ട ആത്മീയ ശ്രേഷ്ഠനായിരുന്നു. 1953 ൽ തലശേരി കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട പുതിയ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായും 1955ൽ പ്രഥമ മെത്രാനായും ഫാ. സെബാസ്റ്റ്യൻ അവരോധിതനായി.
പിന്നീടുള്ള ജീവിതത്തിൽ ദൈവമഹത്വത്തിനായും രാജ്യപുരോഗതിക്കായും മനുഷ്യനന്മയ്ക്കായും സാമൂഹിക മാറ്റത്തിനായും ഒരു വൈദികന് എന്തൊക്കെ ചെയ്യാനാകുമെന്നു അദ്ദേഹം കാണിച്ചുതന്നു.
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ഇത്ര ദീർഘകാലം ഒരു രൂപതയെ നയിച്ച വേറെ പിതാക്കന്മാരില്ല. നീണ്ട 35 വർഷം. ഭാരതപ്പുഴയ്ക്ക് വടക്കോട്ട് അനന്ത വികസന സാധ്യതയൊരുക്കി, സഭാചരിത്രത്തിൽ ഒരു പുതിയ അധ്യായം തുന്നിച്ചേർത്ത സഭാപിതാവ്, രണ്ടാം വത്തിക്കാൻ കൗണ്സിലിനു മുന്പുതന്നെ മെത്രാന്മാർക്കാകെ ലാളിത്യത്തിന്റെ മാതൃക കാട്ടിയ രൂപതാധ്യക്ഷൻ, ഖദറിന്റെ പരിശുദ്ധിക്ക് മങ്ങലേൽപ്പിക്കാതെ ജീവിതാന്ത്യം വരെ കാത്തുസൂക്ഷിച്ച തികഞ്ഞ ഗാന്ധിയൻ ബിഷപ്.
ജനങ്ങളുടെ ആവശ്യങ്ങളിൽ അവർക്കൊപ്പം നിന്ന ജനപ്രിയനായ ആധ്യാത്മിക പിതാവ്.പദവിയും അധികാരവും പാണ്ഡിത്യവും മാനദണ്ഡമാക്കിയാൽ അദ്ദേഹം ഒരു സാധാരണ മെത്രാൻ മാത്രം. എന്നാൽ, ചെയ്ത സേവനങ്ങളുടെയും സഹിച്ച കഷ്ടപ്പാടുകളുടെയും കൈവരിച്ച നേട്ടങ്ങളുടെയും മനുഷ്യഹൃദയങ്ങളിൽ നേടിയ അംഗീകാരത്തിന്റെയും എല്ലാം ഒരു കണക്കെടുത്താൽ മാർ വള്ളോപ്പിള്ളിക്ക് സമശീർഷനായി ഒരു വ്യക്തിയെ കണ്ടെത്താൻ പ്രയാസമാണ്.
മലബാർ, ദക്ഷിണ കർണാടക, മൈസൂർ, മാണ്ഡ്യ, ചിക്കമംഗളൂരു, ഷിമോഗ, കൂർഗ്, നീലഗിരി, കോയന്പത്തൂർ ഇവ ഉൾപ്പെടുന്ന അതിവിസ്തൃതമായ മേഖലകളിലെ സീറോ മലബാർ സഭയുടെ ഇടയനായി നിയമിക്കപ്പെട്ട മാർ വള്ളോപ്പിള്ളിക്ക് അതിബൃഹത്തായ ജോലികളാണ് ചെയ്തുതീർക്കേണ്ടിയിരുന്നത്. രൂപതയ്ക്ക് വേണ്ടി സന്പൂർണമായി സമർപ്പിക്കപ്പെട്ട പിതാവിന്റെ ജീവിതത്തിൽ വിശ്രമം ഉണ്ടായിട്ടില്ല. ഒട്ടേറെ മേഖലകളിൽ മറ്റാർക്കും ഒരുതരത്തിലും സമാനതകൾ അവകാശപ്പെടാനാകാത്ത അപൂർവ വ്യക്തിയായിരുന്നു ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി.