കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത വസ്തുക്കളാക്കുന്ന രീതിയിലേക്ക് കർഷകർ മാറണം: മന്ത്രി പി. പ്രസാദ്
1538735
Wednesday, April 2, 2025 1:13 AM IST
പിണറായി: മാർക്കറ്റ് വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കുന്ന രീതിയിൽ നിന്നും മാറി മൂല്യവർധിത വസ്തുക്കളാക്കി വിൽക്കുന്ന നിലയിലേക്ക് കർഷകർ മാറണമെന്ന് മന്ത്രി പി. പ്രസാദ്. കാർഷികോത്പന്നങ്ങളെ മൂല്യവർധിത വസ്തുക്കളായി മാറ്റിയെടുത്താലേ തങ്ങളുടെ ഉത്പന്നങ്ങൾക്ക് തങ്ങൾ നിശ്ചയിക്കുന്ന വില ഉറപ്പാക്കാൻ കർഷകർക്ക് കഴിയൂ എന്നും മന്ത്രി പറഞ്ഞു. പിണറായി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച മിനി പോര്‍ട്ടബിള്‍ മഴമറയുടെയും തലശേരി ബ്ലോക്ക് കൂണ് ഗ്രാമത്തിന്റെയും ഉദ്ഘാടനം പാച്ചപ്പൊയ്കയിൽ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി പി. പ്രസാദ്. സ്മാര്‍ട് ഫാമിംഗിലൂടെ പിണറായി പഞ്ചായത്ത് കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എന്‍. പ്രദീപന് കൃഷി സമൃദ്ധി പദ്ധതിയും ഹോര്‍ട്ടി കോര്‍പ് റീജണല്‍ മാനേജര്‍ സി.വി. ജിതേഷ് കൂണ്‍ഗ്രാമം പദ്ധതിയും വിശദീകരിച്ചു. പിണറായി കൃഷിഭവന് കൃഷി ഓഫീസര്‍ വി.വി അജീഷ് മിനി മഴമറ പ്രോജക്ട് അവതരണം നടത്തി. തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത കൂണ് വിഭവങ്ങള്‍ കൈമാറി. എഎംടിഎ പ്രോജക്ട് ഡയറക്ടര്‍ എ. സുരേന്ദ്രന് ആദ്യ വിൽപന നടത്തി.
ജില്ലാപഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്, പിണറായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, സ്ഥിരം സമിതി അംഗങ്ങളായ വി.വി. വേണുഗോപാല്‍, ഹംസ, പി. ലത, ഡപ്യൂട്ടി കൃഷി ഡയറക്ടര്‍ ചെങ്ങാട്ട് തുളസി, കാര്‍ഷിക കര്‍മ സേന പ്രസിഡന്റ് ചന്ദ്രന് മണപ്പാട്ടി എന്നിവർ പങ്കെടുത്തു.
സ്ഥല ലഭ്യതക്കുറവ് മൂലം കൃഷി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മട്ടുപ്പാവില്‍ പത്ത് സ്ക്വയര്‍ മീറ്റര്‍ ഏരിയയില്‍ ഏത് കാലാവസ്ഥയിലുംസ്വന്തമായി വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനുന്നതാണ് പോര്‍ട്ടബിള്‍ മഴമറ വികസിപ്പിച്ചത്.