ട്രെയിനിനു നേരെ കല്ലേറ്; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
1538460
Tuesday, April 1, 2025 12:48 AM IST
ബേക്കല്‍: ട്രെയിന്‍ യാത്രയ്ക്കിടെ പെണ്‍സുഹൃത്തിനെ മോശമായ അര്‍ഥത്തില്‍ നോക്കിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി കാസര്‍ഗോഡ് റെയില്‍വേ പോലീസ്. ചെമ്മനാട് തെക്കില്‍ മയിലാട്ടി സ്വദേശി എസ്.അനില്‍കുമാര്‍ (41) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 7.30ഓടെ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലാണ് അനില്‍കുമാര്‍ അതിക്രമം കാട്ടിയത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസിലെ ജനറല്‍ കോച്ചിലെ യാത്രക്കാരായിരുന്നു അനില്‍കുമാറും പരാതിക്കാരനായ മലപ്പുറം സ്വദേശിയും.
തന്റെ പെണ്‍സുഹൃത്തിനെ മോശമായി നോക്കിയത് പരാതിക്കാരന് ചോദ്യം ചെയ്യുകയും ഇതു വാക്കുതര്‍ക്കത്തിനിടയാക്കുകയും ചെയ്തിരുന്നു.
മദ്യലഹരിയിലായിരുന്ന അനില്‍കുമാറും സുഹൃത്തും ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ ഇറങ്ങിയശേഷം പരാതിക്കാരന്റെ മുഖത്തടിക്കുകയും പരാതിക്കാരനെ ആക്രമിക്കാനായി ട്രെയിനിനു നേരെ കല്ലെറിയുകയുമായിരുന്നു.
ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിനുശേഷം പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പൊയിനാച്ചിയില്‍ വച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്എച്ച്ഒ എം.റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ എം.വി.പ്രകാശന്, എസ്സിപിഒ സുനീഷ്, സിപിഒ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.