പോലീസ് എയ്ഡ് പോസ്റ്റ് ആക്രമിച്ച കേസ്: വിചാരണ പൂർത്തിയായി
1539045
Thursday, April 3, 2025 12:02 AM IST
തലശേരി: കണ്ണവം വട്ടോളിയിൽ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് മുമ്പാകെ പൂർത്തിയായി. സിപിഎം പ്രവർത്തകരായ ചിറ്റാരിപ്പറമ്പിലെ ഷിജു എം. അഖിൽ, കാരായി ജയപ്രകാശൻ, ടി. വൈശാഖ്, കെ. ഷാജി, കെ. റിജു, വി. അരുൺ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
2015 ഫെബ്രുവരി 26 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.സംഘർഷത്തെ തുടർന്ന് സ്ഥാപിക്കപ്പെട്ട പോലീസ് എയ്ഡ് പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനായ സുജിത്തിന്റെ വലത് കൈയ്ക്ക് പരിക്കേറ്റിരുന്നു. വട്ടോളി ഭാഗത്തുനിന്ന് എത്തിയ 30 സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം വിവേകാനന്ദ സേവാ കേന്ദ്രം അടിച്ച് തകർത്തു. ആക്രമണം തടയുന്നതിനിടയിലാണ് എയ്ഡ് പോസ്റ്റിനു നേരേയും പോലീസുകാരനെയും ആക്രമിച്ചത്.
സംഭവസമയം എയ്ഡ് പോസ്റ്റിലുണ്ടായപോലീസുകാരായ നിജാസ് വിനീഷ്, അഭിലാഷ്, മറ്റ് പോലീസ് ഓഫീസർമാരായ കെ.വി. ഗണേശൻ, ഷൈജു, എം.ജെ.ജോസ് ജോസഫ്, പി.കെ. പ്രകാശൻ, സി. രാജൻ , വി.എൻ. വിനോദ് തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ കെ. രൂപേഷ് ആണ് ഹാജരാവുന്നത്.