വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം: സ്വകാര്യ ബസ് സംരക്ഷണ യാത്രയുമായി ഉടമകൾ
1538465
Tuesday, April 1, 2025 12:48 AM IST
കണ്ണൂർ: ബസ് വ്യവസായ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് വ്യവസായ സംരക്ഷണ പ്രചാരണ ജാഥ നടത്തും. വിദ്യാർഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കുക, സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നല്കുക, പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കാനാവശ്യമായ ഒരു ട്രാൻസ്പോർട്ട് നയം പ്രഖ്യാപിക്കുക. മോട്ടോർ വാഹന വകുപ്പും പോലീസും ഭീമമായ പിഴ ചുമത്തി ബസുടമകളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, സർക്കാരിൻ്റെ ഒരു നിയന്ത്രണങ്ങളുമില്ലാതെ ജിപിഎസ്, സ്പീഡ് ഗവർണർ, കാമറ സ്ഥാപിക്കൽ തുടങ്ങിയ അശാസ്ത്രീയമായ ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
മൂന്നിന് രാവിലെ കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് ഉച്ചകഴിഞ്ഞ് കണ്ണൂർ ജില്ലയിൽ സ്വീകരണം നൽകും. ഉച്ച കഴിഞ്ഞ് രണ്ടിന് തളിപ്പറമ്പ്, 2.30 ന് കണ്ണൂർ (താവക്കര ബിഒടി ബസ് സ്റ്റാൻഡ്) തലശേരി ബസ് സ്റ്റാൻഡുകളിൽ സ്വീകരണം നല്കുമെന്ന് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പവിത്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംരക്ഷണ യാത്ര ഒൻപതിന് സെക്രട്ടേറിയറ്റ് പടിക്കൽ സമാപിക്കും. തുടർന്ന് സംരക്ഷണ ജാഥയിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ നിവേദനങ്ങളാക്കി മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് സമർപ്പിക്കും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ അനിശ്ചിത കാല സമരം നടത്തുമെന്ന് പി.കെ. പവിത്രൻ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രദീപൻ, മോഹനൻ, രാധാകൃഷ്ണൻ, അജിത്ത്, എം.കെ അസീൽ എന്നിവരും പങ്കെടുത്തു.