വിടവാങ്ങിയത് വാണിയപ്പാറത്തട്ട് ഉണ്ണീശോ പള്ളിയിലെ ആദ്യ വികാരി
1539041
Thursday, April 3, 2025 12:02 AM IST
ഇരിട്ടി: ജർമനയിൽ അന്തരിച്ച ഫാ. തോമസ് (ബോബി) വട്ടമല ഓർമയാകുന്പോൾ വാണിയപ്പാറത്തട്ട് ഉണ്ണീശോ ഇടവകാംഗങ്ങൾക്ക് ആദ്യ വികാരിയെയാണ് നഷ്ടമായത്. ഫാ. തോമസിന്റെ വിയോഗം ഇടവകാ സമൂഹത്തെയാകെ ദുഃഖിതരാക്കുകയാണ്. അങ്ങാടികടവ് , ചരൾ, കച്ചേരിക്കടവ് , രണ്ടാംകടവ് ഇടവകകളിലായി ചിതറിക്കിടന്നിരുന്ന ഇരുന്നൂറോളം കുടുംബങ്ങളെ ഒന്നിച്ചുചേർത്ത് വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളി ഇടവക രൂപീകരണത്തിന് ഓടിനടന്ന വികരിയിരുന്നു ഫാ. തോമസ് വട്ടമല.
2005 ലാണ് ഉണ്ണീശോ ഇടവകയുടെ പ്രിയപ്പെട്ടവനായി തോമസ് അച്ചൻ മലകയറി വാണിയപ്പാറത്തട്ടിൽ എത്തുന്നത്. പിന്നീടങ്ങോട്ട് മലകളും പുഴയും താണ്ടി വീടുകൾ കയറിയിറങ്ങി മൂന്ന് വർഷംകൊണ്ട് ഇടവകയുടെ ഹൃദയത്തിൽ ഇടം നേടി. ഇടവകയിൽ ആത്മീയവും ഭൗതികവുമായ അടിത്തറ സ്ഥാപിച്ചശേഷമാണ് അച്ചൻ സ്ഥലം മാറിയത്. യുവജന കൂട്ടയ്മകൾ , ഭക്തസംഘടനകൾ, മതബോധന ക്ലാസുകൾ എല്ലാം കൃത്യമായി അച്ചൻ തുടങ്ങിവച്ചു.
ഇടവകയ്ക്ക് ആറ് ഏക്കറോളം സ്ഥലവും മൂന്ന് വർഷത്തിനുള്ളിൽ അച്ചൻ വാങ്ങിച്ചെടുത്തു. മതബോധന ക്ലാസുകൾക്കായി ഇന്നുകാണുന്ന കെട്ടിടം ഉൾപ്പെടെ നിർമിച്ച അച്ചനെക്കുറിച്ച് നല്ലതുമാത്രമാണ് ഓരോരുത്തർക്കും പറയാനുള്ളത്. ഒരു ഇടവകയുടെ പ്രാരംഭകാലഘട്ടത്തിൽ നേരിടുന്ന എല്ലാ വെല്ലുവിളികളെയും തികഞ്ഞ സംയമനത്തോടെ അഭിമുഖീകരിച്ച് തരണം ചെയ്ത അച്ചന് ഇടവകാംഗങ്ങൾ തങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം നൽകിയത്. ജാതിമത ഭേദമന്യേ വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെയും എല്ലാവരെയും ചേർത്തുപിടിച്ച വ്യക്തിത്വം കൂടിയായിരന്നു തോമസ് വട്ടമല അച്ചൻ.