വിൻസെന്റ് ഡി പോൾ സൊസൈറ്റി ഗോൾഡൻ ജൂബിലി ഭവന നിർമാണ പദ്ധതിക്ക് തുടക്കം
1538457
Tuesday, April 1, 2025 12:48 AM IST
ആലക്കോട്: സെന്റ് വിൻസെന്റ് ഡി പോള്‍ സൊസൈറ്റി ഗോൾഡൻ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതയിൽ 50 നിർധന കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആലക്കോട് സെന്റ് മേരീസ് പാരിഷ് ഹാളിൽ നടത്തിയ സൊസൈറ്റിയുടെ അതിരൂപത കൗൺസിൽ യോഗത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സെന്റ് വിൻസെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളുടെ നിസ്വാർഥമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ പാവപ്പെട്ടവർക്ക് ആശ്വാസവും അതിരൂപതയ്ക്ക് അഭിമാനവുമാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
ആദ്യഘട്ടത്തിൽ സൊസൈറ്റി അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഭവന നിർമാണം ഏറ്റെടുക്കുന്ന യൂണിറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം മാർജിൻ മണിയായി നൽകും. ബാക്കി തുക പൊതുജനങ്ങൾ, സഹായക അംഗങ്ങൾ എന്നിവരിൽ നിന്ന് കണ്ടെത്തും.
600 മുതൽ 700 സ്ക്വയർ ഫീറ്റ് വരെയുള്ള ഭവനങ്ങളാണ് നിർമിക്കുന്നത്. അർഹരായ ഗുണഭോക്താക്കളെ ജാതിമത ഭേദമന്യേ ഇടവകകളിൽ നിന്ന് കണ്ടെത്തി 2028 മാർച്ചിൽ പദ്ധതി പൂർത്തീകരിക്കും.
യോഗത്തിൽ അതിരൂപത പ്രസിഡന്റ് സണ്ണി നെടിയകാലായിൽ അധ്യക്ഷത വഹിച്ചു.ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര്, സൊസൈറ്റി വൈസ് പ്രസിഡന്റ് ബാബു കൊട്ടാരം, ജനറൽ സെക്രട്ടറി ജോൺസൺ കൂട്ടിയാനിയിൽ എന്നിവർ പ്രസംഗിച്ചു.