കാട്ടാന കൂട്ടത്തോടെ ഇറങ്ങി കൃഷിനശിപ്പിച്ചു
1539357
Friday, April 4, 2025 1:10 AM IST
ആലക്കോട്: വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. മൂരിക്കടവ്, മുട്ടത്താംവയൽ, അപ്പർചീക്കാട് പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം കനത്ത നാശം വിതച്ചത്. കർണാടക വനത്തിൽ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയിൽ നാശം വിതച്ചത്.
പ്രദേശത്തെ നിരവധി കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കായ്ഫലമുള്ള നിരവധി തെങ്ങുകളും കവുങ്ങുകളും ചുവടോടെ കുത്തിമറിച്ചിട്ട നിലയിലാണ്. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം തമ്പടിച്ച് നില്ക്കുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയായി.
വന്യമൃഗശല്യം തടയുന്നതിനായി ആവിഷ്കരിച്ച തൂക്കുവേലി നിർമാണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകത്തതാണ് കാട്ടാന കൂട്ടത്തോടെ ഇറങ്ങുന്നതിന് കാരണം. വേലി നിർമാണം പൂർത്തീകരിച്ച് കാട്ടാന ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.