നടുവിൽ ടൗൺ ചെളിക്കുളമായി
1538743
Wednesday, April 2, 2025 1:14 AM IST
നടുവിൽ: ഇന്നലെ ഉച്ചകഴിഞ്ഞ് മലയോര മേഖലയിൽ കനത്ത വേനൽ മഴ. നടുവിൽ, ആലക്കോട്, ചപ്പാരപ്പടവ്, എരമം-കുറ്റൂർ പഞ്ചായത്തുകളിൽ ശക്തമായ മഴ ലഭിച്ചു. കാറ്റിൽ ചില ഭാഗങ്ങളിൽ മരം ഒടിഞ്ഞുവീണു നാശമുണ്ടായി.
വികസന പ്രവൃത്തികൾ നടക്കുന്ന നടുവിൽ-ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം റോഡ് ചെളി നിറഞ്ഞു വാഹന ഗതാഗതം ദുഷ്കരമായി. നടുവിൽ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
റോഡ് നിർമാണത്തിന്റെ ഭാഗമായി ഓടകളുടെയും കലുങ്കുകളുടെയും നിർമാണം പൂർത്തിയാകാത്തതാണ് വെള്ളക്കെട്ട് രൂപപ്പെട്ട ചെളിക്കുളമാകാൻ കാരണം. ഇരുചക്ര വാഹന യാത്രയും കാൽനട യാത്രയും ഏറെ ദുഷ്കരമായിരിക്കുകയാണ്.
റോഡ് തകർന്നു
പെരുമ്പടവ്: പെരുമ്പടവ് ടൗണിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴയിൽ റോഡ് തകർന്നു. പെരുമ്പടവ് ഹൈസ്കൂൾ റോഡ് ജംഗ്ഷനിലാണ് റോഡ് പൊളിഞ്ഞത്.
ഇവിടെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഓവുചാൽ നിർമിച്ചത് അശാസ്ത്രീയമായതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. ഹൈസ്കൂൾ റോഡിലെ ഓവുചാലുകളിൽ മാലിന്യങ്ങൾ ഒഴുകിവന്ന് തടസമാകുന്നത് മഴവെള്ളം ഒഴുകിപോകുന്നതിന് തടസമാകുകയും വെള്ളം റോഡിലേക്ക് ഒഴുകുകയുമാണ്. പെരുമ്പടവിലെ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് ഓവുചാൽ ക്ലീനാക്കുന്നത്.