ആറളം ഫാമിൽനിന്ന് നാല് ആനകളെ കാട്ടിൽ എത്തിച്ചു
1539039
Thursday, April 3, 2025 12:02 AM IST
ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ആനയോടിക്കൽ ദൗത്യം ഇന്നലെ രാവിലെ പുനരാരംഭിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ മനോജ് ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസീൽദാർമാരായ ഇ. രാധ, ബിജി ജോൺ, ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ആറളം ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ഉൾപ്പെടെ 35 ഓളം അംഗങ്ങൾ ദൗത്യത്തിൽ പങ്കെടുത്തു.
ആറളം ഫാം ബ്ലോക്ക് മൂന്നിൽ കണ്ടെത്തിയ നാല് ആനകളെ തുരത്തി താളിപ്പാറ -കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് കയറ്റിവിട്ടു.
പുനരധിവാസ മേഖലയിൽ നിന്ന് ആനകളെ കാട്ടിൽ എത്തിച്ച ശേഷമാണ് രണ്ടാംഘട്ടമായി ഫാം കൃഷിയിടത്തിൽ നിന്നും ആനകളെ തുരത്തുന്ന നടപടി ആരംഭിച്ചത്.
ദൗത്യം ഇന്നും തുടരും. രാത്രി നിരീക്ഷണത്തിന് മൂന്ന് പട്രോളിംഗ് ടീമും ഉണ്ട്.