പഴയങ്ങാടിയിലെ ബാങ്ക് ജീവനക്കാരിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
1539369
Friday, April 4, 2025 1:10 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: പഴയങ്ങാടി അടുത്തിലയിലെ ബാങ്ക് ജീവനക്കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിൽ ദുരൂഹത നീങ്ങുന്നില്ല. പിതാവിന്റെ പരാതിയിൽ ഒടുവിൽ പുനരന്വേഷണത്തിന് ഉത്തരവ്. കോഴിബസാറിലെ എസ്ബിഐ മാടായി ബ്രാഞ്ചിൽ ക്ലർക്കായിരുന്ന തലക്കലെ കൊട്ടില വീട്ടിൽ ടി.കെ. ദിവ്യയുടെ മരണത്തെക്കുറിച്ചന്വേഷിക്കാൻ കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാളാണ് ഉത്തരവിട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിനാണ് അന്വേഷണച്ചുമതല. കേസിൽ നേരത്തെ സമർപ്പിച്ച കുറ്റപത്രം മരവിപ്പിച്ചാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.
2024 ജനുവരി 25ന് രാവിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കന്പിയിലാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. 2023 ഏപ്രിൽ 17 നായിരുന്നു ആദ്യവിവാഹം പരാജയപ്പെട്ടവരായ ദിവ്യയും അടുത്തിലയിലെ ഉണ്ണിക്കൃഷ്ണനും തമ്മിൽ പഴയങ്ങാടി സബ്-രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരാകുന്നത്. ഈ സമയം ദിവ്യയ്ക്ക് ഒന്പതു വയസുള്ള ആൺകുട്ടിയും ഉണ്ണിക്കൃഷ്ണന് അതേ പ്രായമുള്ള പെൺകുട്ടിയും ഉണ്ടായിരുന്നു.
തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ചെയ്തിരുന്ന ഉണ്ണിക്കൃഷ്ണൻ മാസത്തിൽ ഒരാഴ്ച സ്ഥാപനത്തിലും മറ്റുള്ള ദിവസങ്ങളിൽ വർക്ക് അറ്റ് ഹോം പ്രകാരം വീട്ടിലുമായാണ് ജോലി നോക്കിയത്. ദിവ്യയെ ഇഷ്ടപ്പെട്ടാണ് ഉണ്ണിക്കൃഷ്ണൻ വിവാഹം ചെയ്തതെങ്കിലും പിന്നീട് മാനസികമായും ശാരീരികമായും ഉള്ള പീഡനം ഉണ്ടായതായാണ് ദിവ്യയുടെ വീട്ടുകാരുടെ ആരോപണം.
ആദ്യം അസ്വാഭാവിക മരണത്തിന് പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുടുംബം ഉന്നത പോലീസ് അധികാരികളെ സമീപിച്ചതിനെ തുടർന്ന് അന്വേഷണം അന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ ഡിവൈഎസ്പിയായി ചുമതലയേറ്റ ഉമേശന് കൈമാറി. ഇതിലും വ്യക്തമായ അന്വേഷണം നടത്തിയില്ലെന്നും മകളെ ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ദിവ്യയുടെ അച്ഛൻ മുഖ്യമന്ത്രിയെ സമീപിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് ഈ കേസിൽ പുനരന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനാൽ നേരത്തെ നല്കി യ കുറ്റപത്രം സ്വീകരിക്കരുതെന്നും കാണിച്ച് പോലീസ് കോടതിയെ സമീപിച്ചു. ഇതിനുശേഷമാണ് പുനരന്വേഷണത്തിന് ഉത്തരവായത്.