ഏകദിന പരിശീലന ക്ലാസ് നടത്തി
1539374
Friday, April 4, 2025 1:10 AM IST
ഇരിട്ടി: വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യ-ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതിയായ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ മിഷൻ യജ്ഞത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ഫീൽഡ് ജീവനക്കാർക്ക് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വളയംചാലിൽ നടന്ന പരിശീലന പരിപാടി ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് നോർത്തേൺ സർക്കിൾ വൈൽഡ് ലൈഫ് എഡ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ മനോജ് ബാലകൃഷ്ണൻ പരിശീലന ക്ലാസ് നയിച്ചു. വന്യമൃഗ സംഘർഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വനത്തിനുള്ളിൽ തന്നെ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ്, ഫോഡർ ആൻഡ് വാട്ടർ മിഷൻ യജ്ഞം വനം വകുപ്പ് നടപ്പിലാക്കി വരുന്നത്. പരിശീലന ക്ലാസിന് ശേഷം അത്തി, മുള എന്നിവയുടെ വിത്തുകൾ കൂട്ടി തയാറാക്കിയ സീഡ് ബോളുകൾ ആറളം വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളിൽ നിക്ഷേപിച്ചു.