സ്വകാര്യ സ്ഥാപനത്തിനെതിരേ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന്
1539093
Thursday, April 3, 2025 2:02 AM IST
ഇരിട്ടി: ഉളിയിൽ ടൗണിലെ സ്വകാര്യ സ്ഥാപനത്തിനെതിരേ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതായി പരാതി. ടൗണിലെ യൂസ്ഡ് കാർ സ്ഥാപനമായ ബിഎം കാർസിനെതിരേയാണ് വർഗീയമായ രീതിയിലുള്ള പ്രചാരണം നടത്തുന്നതായി കാണിച്ച് സ്ഥാപന ഉടമ കെ.വി. ബഷീർ മട്ടന്നൂർ പോലിസിൽ പരാതി നൽകിയത്.
ഉളിയിൽ ഈദ്ഗാഹ് കമ്മിറ്റിയിൽ നിന്ന് വാടകയ്ക്കെടുത്ത സ്ഥലത്താണ് സ്ഥാപനം തുടങ്ങിയത്. വർഷത്തിൽ രണ്ട് പെരുന്നാളിനും സ്ഥലം ഒഴിവാക്കി തരണമെന്ന വ്യവസ്ഥയിലാണ് ഈദ്ഗാഹ് ഗ്രൗണ്ട് വാടകയ്ക്കെടുത്തത്. കരാർ പ്രകാരം കഴിഞ്ഞ ദിവസം പെരുന്നാൾ ദിനത്തിൽ ഗ്രൗണ്ട് ഒഴിഞ്ഞു കൊടുത്തിരുന്നു. ഈ സമയത്താണ് എസ്ഐഒയുടെ പേരിൽ വഖഫ് ബില്ലിനെതിരേ പ്രതിഷേധവുമായി ഗ്രൗണ്ടിന് മുൻവശം ആരോ ബനർ കെട്ടി.
പെരുന്നാൾ കഴിഞ്ഞ് ഷോറും തുറന്നപ്പോഴാണ് ബഷീർ ബാനർ കാണുന്നത്. ഉടൻ തന്നെ അഴിച്ച് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ആരോ ബാനറിന്റെ ഫോട്ടോയെടുത്ത് വ്യാപകമായി വർഗിയ വിദ്വേഷം ഉണ്ടാകുന്ന രീതിയിൽ സ്ഥാപനത്തിനെതിരേ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതായും തന്നെ ഭീഷണിപ്പെടുത്തുന്നതായും ബഷീർ പറഞ്ഞു.
സ്ഥാപനത്തിന്റെ സൽപേരിന് കോട്ടമുണ്ടാകുന്ന രീതിയിൽ ബാനർ കെട്ടിയ സംഘടനയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.