ക്ഷേത്ര കലശ ഘോഷയാത്രയിൽ കൊലക്കേസ് പ്രതികളായ സിപിഎമ്മുകാരുടെ ചിത്രങ്ങളടങ്ങിയ കൊടിയും
1538456
Tuesday, April 1, 2025 12:48 AM IST
കണ്ണൂർ: കായലോട് പറമ്പായിയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശഘോഷയാത്രയ്ക്കിടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി ആഘോഷം.
പറമ്പായി കുട്ടിച്ചാത്തൻ മഠത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച രാത്രി കലശഘോഷയാത്ര നടന്നത്. ഈ ഘോഷയാത്രയിലാണ് ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി നൃത്തം ചെയ്തും മുദ്രാവാക്യ ഗാനങ്ങളുമുയർത്തി ഒരു സംഘം അണിചേർന്നത്. ഈ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വരികയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
സിപിഎം നേതൃത്വത്തിന്റെ
അറിവോടെ: ബിജു ഏളക്കുഴി
തലശേരി: കലശഘോഷയാത്രയില്‍ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി മുദ്രാവാക്യം മുഴക്കിയ സംഭവം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി. സാധാരണമായി ക്ഷേത്രങ്ങളില്‍ നടത്തുന്ന ഘോഷയാത്രകളില്‍ ഭക്തിഗാനങ്ങളാണുണ്ടാവുക. എന്നാല്‍ ഇതിന് വിരുദ്ധമായി സിപിഎം കേന്ദ്രങ്ങളില്‍ മുദ്രാവാക്യം വിളികളും കൊലയാളികളെ മഹത്വവത്കരിക്കുന്ന ഗാനങ്ങളുമാണുണ്ടാവുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നതും ആക്രമികള്‍ക്ക് കൂട്ടുനില്ക്കുന്നതും ആശങ്കാജനകമാണെന്നും വിശ്വാസി സമൂഹം ഇതിനെതിരേ രംഗത്തുവരണമെന്നും ബിജു ആവശ്യപ്പെട്ടു.