സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ പാലക്കുന്നിൽ ഭൂമി പൊട്ടിപ്പിളർന്നു
1538459
Tuesday, April 1, 2025 12:48 AM IST
പാലക്കുന്ന്: സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പാതയോരത്ത് ഡ്രില്ലിംഗ് ജോലികൾ നടക്കുന്നതിനിടെ പാലക്കുന്ന് ടൗണിനു സമീപം ഭൂമി പിളർന്നു. സംസ്ഥാന പാതയോരത്ത് ടാറിട്ട ഭാഗമാണ് പൊട്ടിപ്പിളർന്നത്. വിള്ളലിലൂടെ കുഴമ്പ് രൂപത്തിൽ ചെളി പുറത്തേക്കൊഴുകിയത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയായി കിടക്കുകയാണ്. പാതയോരത്ത് നിശ്ചിത അകലത്തിൽ കുഴികളെടുത്തതിനുശേഷം ഈ കുഴികൾക്കിടയിൽ റോഡിന് സമാന്തരമായി ഡ്രില്ലിംഗ് നടത്തിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഈ രീതിയിൽ ഡ്രില്ലിംഗ് നടത്തുന്നതിനിടയിലുണ്ടാകുന്ന ഉയർന്ന മർദം മൂലമാണ് ഭൂമി പൊട്ടിപ്പിളർന്നതെന്ന് കരുതുന്നു.
സംസ്ഥാനപാതയോടുചേർന്ന് പല സ്ഥലങ്ങളിലും ഭൂമി ഉറപ്പില്ലാത്തതാണെന്ന് നേരത്തേ പൊതുമരാമത്ത് വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് നല്കിയിരുന്നതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഡ്രില്ലിംഗ് നടത്തുമ്പോൾ ഭൂമി പൊട്ടിപ്പിളർന്നത്. സംസ്ഥാനപാതയിലെ കലുങ്ക് ഇടിഞ്ഞുതാഴ്ന്നതും ഇതിനോടടുത്ത സ്ഥലത്താണ്. സംസ്ഥാനപാതയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ഭൂമി പൊട്ടിപ്പിളർന്ന സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.