രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു തുടക്കമായി
1539370
Friday, April 4, 2025 1:10 AM IST
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പതിനാലാമതു രാജപുരം ബൈബിള്‍ കണ്വന്ഷന് ഭക്തിസാന്ദ്രമായ തുടക്കം. രാജപുരം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കൺവൻഷൻ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ദിവ്യബലിയിൽ പനത്തടി ഫൊറോനാ വികാരി റവ. ഡോ.ജോസഫ് വാരണത്ത്, കള്ളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് കുടുന്തയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കണ്വന്ഷൻ വേദിയിൽ വേദിയില്‍ മാര്‍ ജോസഫ് പാംപ്ലാനി ബൈബിൾ പ്രതിഷ്ഠിച്ചു.
ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം മുഖ്യകാര്‍മികനായിരിക്കും. കള്ളാര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ. സണ്ണി ഊപ്പണ് എന്നിവര്‍ സഹകാർമികരാകും. കണ്‍വന്‍ഷനു ശേഷം വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യവും രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും പ്രത്യേക സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ടെന്ന് കോ-ഓർഡിനേറ്റര്‍ തോമസ് പടിഞ്ഞാറ്റുമാലി അറിയിച്ചു.
കൂട്ടായ്മയും സ്നേഹവും
നന്മ വളർത്തും: മാര്‍ പാംപ്ലാനി
രാജപുരം: വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയും സ്നേഹവും സമൂഹത്തില്‍ നന്മ വളര്‍ത്തുന്നുവെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കൺവൻഷനിൽ ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്. തിന്മയുടെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ സഹനങ്ങളും ദുരിതങ്ങളും നമ്മെ തേടിവരും. നമ്മുടെ എല്ലാ പാപത്തിലും തിന്മയിലും ദുരിതങ്ങളും ദുഃഖങ്ങളും പതിയിരിക്കുന്നു. സഹനത്തിന്റെ മാതൃക നമുക്കു തന്ന ദൈവപുത്രന്റെ സ്മരണയും പ്രാര്‍ഥനയും നമ്മുടെ ജീവിത വിജയത്തിനു കാരണമാകും.- മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.