ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്
1539038
Thursday, April 3, 2025 12:02 AM IST
മട്ടന്നൂർ: ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എഴോടെ ഉളിയിൽ പാലത്തിന് സമീപമായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന ക്ലാസിക് ടൂറിസ്റ്റ് ട്രാവൽസിന്റെ കർണാടക രജിസ്ട്രേഷൻ ബസും എതിരേ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസിലുള്ളവർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അലി (60), മനോഹരി (56), രതീഷ് (33), ബിന്ദു (58), റീത്ത (60), ശ്രീ പ്രഭു (24), രാമകൃഷ്ണൻ (63), ഉസ്മാൻ (43), റസാഖ് (48), അതുൽ (15), ജോഷി (57) തുടങ്ങി പതിനാറോളം പേർക്കാണ് പരിക്കേറ്റത്.
ബസിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്തത്. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ ആംബുലൻസുകളിലാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ഇരിട്ടിയിൽ നിന്ന് അഗ്നിശമന വിഭാഗവും അപകട സ്ഥലത്ത് എത്തിയിരുന്നു. ഒന്നര മണിക്കൂറോളം പാലത്തിൽ ഗതാഗതം തടസപ്പെട്ടതോടെ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
ജെസിബിയും ക്രെയിനും ഉപയോഗിച്ച് നാട്ടുകാരുടെയും സഹായത്തോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.