കോടതി ജംഗ്ഷനിലെ അടിപ്പാതയിൽ ഗതാഗതക്കുരുക്ക്; യാത്രക്കാർ വലയുന്നു
1538511
Tuesday, April 1, 2025 1:36 AM IST
ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്; യാത്രക്കാർ വലയുന്നു. അടിപ്പാതയിലൂടെ ഇരുഭാഗത്തെ സർവീസ് റോഡിലേക്കു കടക്കാൻ വാഹനങ്ങളുടെ നീണ്ട നിരയാണ്. വാഹനങ്ങൾ തിക്കിത്തിരക്കി കടന്നുപോകാൻ ശ്രമിക്കുമ്പോൾ ഗതാഗതക്കുരുക്കായി മാറുകയാണ്. ഇതോടെ ഗതാഗതസ്തംഭനം പതിവായിമാറി. നേരത്തേതന്നെ ഇവിടെ ഗതാഗതത്തിരക്കാണ്.
ഇപ്പോൾ പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടച്ചതോടെ ഇതുവഴി വാഹനങ്ങളുടെ തിരക്കുകൂടിയിരിക്കയാണ്. വാഹനങ്ങളിൽ വരുന്നവർതന്നെ പുറത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നതു പതിവുകാഴ്ചയാണ്. ഇത്രയേറെ ഗതാഗതക്കുരുക്കുണ്ടായിട്ടും ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഇവിടേക്കുവരാത്തതിൽ യാത്രക്കാരിൽ പ്രതിഷേധം ഉയരുന്നു. അടിപ്പാതയുടെ ഇരുഭാഗത്തും ബെൽമൗത്തുകൾ സ്ഥാപിച്ചിട്ടില്ല. അടിപ്പാത തുറന്നപ്പോൾ മുതൽ ഇതിനുവേണ്ടി നടപടികൾ ആരംഭിച്ചതാണ്.
എന്നാൽ ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. റെയിൽവെ സ്റ്റേഷൻ റോഡിൽ ഒരു ഫ്ലൈ ഓവർകൂടി നിർമിച്ച് ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടാൽ മാത്രമേ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ കഴിയൂ എന്നതാണു സ്ഥിതി. അധികൃതർ ഇതുപരിഗണിക്കേണ്ട അവസ്ഥയിലാണ്. അല്ലെങ്കിൽ ഗതാഗതക്കുരുക്ക് കോടതി ജംഗ് ഷനിൽനിന്നും ഒഴിയില്ല.