ആറാട്ടുപുഴ പൂരം: വർണച്ചമയങ്ങള്‍ ഒരുങ്ങുന്നു
1538502
Tuesday, April 1, 2025 1:36 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പുകള്ക്കാവശ്യമായ ചമയങ്ങള്‍ ഒരുങ്ങി. നാളെ വെെകീട്ട് അഞ്ചിന് ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.
കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതിയതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമാണവും പൂർത്തിയായി.
കുടയുടെ ഒറ്റല് പെരുമ്പിള്ളിശേരി സ്മിതേഷ് ശശിധരനാണ് നിർമിച്ചത്. സ്വര്‍ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും വിവിധ തരം വിളക്കുകള്‍, കെെപ്പന്തത്തിന്റെ നാഴികള്‍ എന്നിവ പോളിഷിങ്ങിൽ ഇരിങ്ങാലക്കുട ബെല്‍വിക്സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു.
ആലവട്ടം, ചാമരം എന്നിവ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറാണ് ഒരുക്കിയത്.
തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിക്കും.
പൂരം പ്രശ്നോത്തരി:
ശ്രീഹരി ഒന്നാംസ്ഥാനത്ത്
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തിയ പ്രശ്നോത്തരിയിൽ ഊരകം ചേന്നനാത്ത് രാജേഷ് മകൻ ശ്രീഹരി ഒന്നാം സ്ഥാനത്തിനർഹനായി. ഞെരുവിശേരി പാലാഴി കൃഷ്ണകുമാർ മേനോൻ മകൻ ഹൃത്വിക് കെ മേനോൻ രണ്ടാം സ്ഥാനവും പെരുവനം മാടശേരി ആശ മകൾ വേദിക വിജയകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് പ്രശസ്തിപത്രവും ഉപഹാരവും കാഷ് അവാർഡും കൊടിയേറ്റ ദിവസമായ 3ന് വൈകീട്ട് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വച്ച് സമ്മാനിക്കും.
ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി നാളെ ആരംഭിക്കും
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി നാളെ ആരംഭിക്കും. ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ രാമചന്ദ്രൻ തൃപ്പടിയിൽ സമർപ്പിക്കുന്നതോടുകൂടി ചടങ്ങുകൾക്ക് തുടക്കമാകും.
അത്തിയും പ്ലാവും ചേർത്ത് നിർമിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി. ഗോപി വൈകിട്ട് അഞ്ചിന് ക്ഷേത്രനടപ്പുരയിൽ ശാസ്താവിന് സമർപ്പിക്കും. മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതി പൂജ, അസ്ത്രകലശ പൂജ, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിക്കും.
കൊടിയേറ്റ ദിവസം രാവിലെ അഞ്ചിന് കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും.