ഫീസൊക്കെ ഇനി ഡബിളാ... ഡബിൾ!!
1538768
Wednesday, April 2, 2025 2:00 AM IST
സി.ജി. ജിജാസൽ
തൃശൂർ: കഴിഞ്ഞദിവസം രാത്രിവരെ സ്വകാര്യബസുകളിൽനിന്ന് ഈടാക്കിയിരുന്ന സ്റ്റാൻഡ് ഫീസും പാർക്കിംഗ് ഫീസും നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കുത്തനെ കൂടി- അതും ഇരട്ടി നിരക്കിൽ. ആദ്യമാദ്യം കേട്ടവർ ഏപ്രിൽ ഫൂൾ ആക്കിയതെന്നാണ് കരുതിയതെങ്കിലും സംഭവം സത്യമാണെന്നുറപ്പായതോടെ അങ്കലാപ്പിലായി. തൃശൂർ കോർപറേഷന്റെ ബസ് പാർക്കിംഗ് ഫീസിലും സ്റ്റാൻഡ് ഫീസിലുമാണ് മുന്നറിയിപ്പില്ലാതെയുള്ള നിരക്കു വർധവ് പ്രാബല്യത്തിൽ വന്നത്.
നേരത്തെ പാർക്കിംഗ് ഏരിയകളിൽ രാത്രിസമയങ്ങളിൽ സ്ഥിരം ബസുകൾക്ക് പ്രവേശനം സൗജന്യമായിരുന്നു. ഇന്നലെ മുതൽ തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ രാത്രി 100 രൂപയും പകൽസമയങ്ങളിൽ 70 മുതൽ 100 രൂപവരെയും ചോദിച്ചുവാങ്ങുകയാണെന്നു ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതാക്കൾ ആരോപിച്ചു. ഓരോ അധിക മണിക്കൂറിനും 25 രൂപ വീതം കൂടുതൽ നൽകണം. ഇതുസംബന്ധിച്ച പുതിയ ബാനറും പാർക്കിംഗ് ജീവനക്കാർ ഉയർത്തിയിട്ടുണ്ട്.
പുതുക്കിയ നിരക്കുപ്രകാരം 30 സീറ്റ് വരെയുള്ള മിനി ബസിനു 50 രൂപയും 30 സീറ്റിനു മുകളിലുള്ളവയ്ക്ക് 70 രൂപയുമാണ് നൽകേണ്ടത്. ഇതിൽ മിനി ബസിനു അധികംവരുന്ന ഓരോ മണിക്കൂറിനും 20 രൂപ നൽകണം. മോട്ടോർ സൈക്കിൾ 10, കാർ (അഞ്ച് സീറ്റ് വരെ) 30, ലോറി ടോറസ്, ലോറി വോൾവോ എന്നിവയ്ക്ക് 80 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ശക്തൻ സ്റ്റാൻഡിൽ 25 രൂപയുണ്ടായിരുന്ന സ്റ്റാൻഡ് ഫീസ് 40 രൂപയായും ഉയർത്തിയിട്ടുണ്ട്. വടക്കേസ്റ്റാൻഡ് പുനർനിർമിച്ചതിനു ശേഷം സ്റ്റാൻഡ് ഫീസ് 50ൽ തന്നെ തുടരുകയാണ്. എന്നാൽ നിലവിൽ ബസുകൾ കഴുകുന്നതിന് വെള്ളമോ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളോ ശുചിമുറികളോ ഇല്ലാതെ ഫീസ് കുത്തനേ കൂട്ടിയ നിലപാടിൽ അതൃപ്തി അറിയിച്ച് ഓർഗനൈസേഷൻ പ്രസിഡന്റ് ബിബിൻ ടി. ആലപ്പാട്ട്, ജനറൽ സെക്രട്ടറി വി.എസ്. പ്രദീപ്, ട്രഷറർ വി.പി. ജോണി എന്നിവരും രംഗത്തു വന്നിട്ടുണ്ട്. ഇനിമുതൽ ബസുകൾ പാർക്കിംഗ് ഏരിയയിൽ കയറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും റോഡരികുകളിൽ നിർത്തിയിടുമെന്നും അതിന്റെ പേരിലുണ്ടാകുന്ന ഭവിഷ്യത്തുകൾ നേരിടാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.
സംഭവത്തിൽ മേയർ അടക്കമുള്ള ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു. എന്നാൽ കൗണ്സിൽ തീരുമാനപ്രകാരം അജണ്ട വച്ച് പാസാക്കിയാണ് ഫീസ് വർധനവ് നടപ്പാക്കിയതെന്ന് കോർപറേഷൻ അറിയിച്ചു.