പോക്സോ കേസിൽ ജീവപര്യന്തം തടവിലുള്ള പ്രതിക്കു സമാനകേസിൽ വീണ്ടും ശിക്ഷ
1538500
Tuesday, April 1, 2025 1:36 AM IST
കുന്നംകുളം: പ്രകൃതിവിരുദ്ധ ലൈംഗികപീഡനക്കേസിൽ നാലു ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പുന്നയൂർക്കുളം എഴുകോട്ടയിൽ മൊയ്തുണ്ണി എന്ന ജമാലുദിന് (55) സമാനകേസിൽ കുന്നംകുളം അതിവേഗ പോക്സോ കോടതി അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2023ൽ വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഉൾപ്പെട്ട് വിചാരണയ്ക്കിടെ പ്രതിയായ മൊയ്തുണ്ണി 13 വയസ് പ്രായമുള്ള കുട്ടിക്കെതിരേ ലൈംഗിക അതിക്രമം കാണിച്ചു എന്ന കേസിലാണ് ജഡ്ജി എസ്. ലിഷ ശിക്ഷവിധിച്ചത്.
കുന്നംകുളം സബ് ഇൻസ്പെക്ടർ ടി.കെ. പോളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. സബ് ഇൻസ്പെക്ടർ എം.വി. ജോർജ് കുറ്റപത്രം സമർപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ആദ്യകേസിൽ മൊയ്തുണ്ണിയെ കുന്നംകുളം പോക്സോ കോടതി നാലു ജീവപര്യന്തം തടവിനും നാലുലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചിരുന്നു. പ്രതി തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് പ്രതിക്കെതിരേ കുന്നംകുളം പോലീസ് സ്റ്റേഷനിലെ കേസിലേക്കുള്ള പരാതി ലഭിക്കുന്നത്.