വിളയിട അധിഷ്ഠിത കൃഷിരീതിയിലേക്ക് കർഷകർ മാറണമെന്നു മന്ത്രി
1538501
Tuesday, April 1, 2025 1:36 AM IST
പാവറട്ടി: വിള അധിഷ്ഠിത കൃഷി രീതിയിൽ നിന്നും വിളയിട അധിഷ്ഠിത കൃഷിരീതിയിലേക്ക് കർഷകർ പൂർണമായും മാറണമെന്ന് റവന്യു മന്ത്രി കെ. രാജൻ അഭിപ്രായപെട്ടു. മുല്ലശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നെൽകർഷകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തരിശുരഹിത കേരളം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും തണ്ണീർതടങ്ങളും കൃഷിയിടങ്ങളും നികത്തുന്നത് കർശനമായി തടയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുരളി പെരുനെല്ലി എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വിവിധ പദ്ധതികൾക്കായി മുല്ലശേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 8.26 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതം നാലുലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 3.75 ലക്ഷം രൂപയും അടക്കം15.81 ലക്ഷം രൂപയുടെ വിതരണമാണ് നടന്നത്.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപോൽ, മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി, വൈസ് പ്രസിഡന്റ് കെ.പി. ആലി, ജനപ്രതിനിധികളായ ബിന്ദു സത്യൻ, ശ്രീദേവി ഡേവീസ്, ശ്രീദേവി ജയരാജൻ, വി.എം. വിമൽ, രാജശ്രീ ഗോപകുമാർ, ശിൽപ ഷിജു, മിനി മോഹൻദാസ്, ഷീബ വേലായുധൻ, ക്ലമന്റ്് ഫ്രാൻസീസ്, സുനീതി അരുൺകുമാർ, ടി.ജി. പ്രവീൺ, കൃഷി ഓഫീസർ ജെ.അമല തുടങ്ങിയവർ സംസാരിച്ചു.