യാത്രയ്ക്കിടെ ഹൃദയാഘാതം; ഡ്രൈവർ മരിച്ചു
1538685
Tuesday, April 1, 2025 10:55 PM IST
കൊടുങ്ങല്ലൂർ: വടക്കേനട സ്റ്റാൻഡിലെ ടാക്സി ഡ്രൈവർ യാത്രക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറിയാട് അറപ്പപ്പുറം കൊമ്പൻ കവലക്കു സമീപം ചീരേപറമ്പിൽ കുമാരൻ മകൻ സുരേഷ്(59) ആണ് മരിച്ചത്.
അസുഖം അനുഭവപ്പെട്ട സുരേഷിന്റെ സമയോചിത ഇടപെടൽ വലിയ അപകടം ഒഴിവാക്കി. കൊടുങ്ങല്ലൂർ കാരുമഠത്തിൽ താമസിക്കുന്ന യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചാവക്കാട് അഞ്ചങ്ങാടിയിൽ വച്ചാണ് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടർന്ന് അടുത്തുള്ള ടാക്സി സ്റ്റാൻഡിൽ ചെന്ന് സഹായം അഭ്യർഥിക്കുകയും ഉടൻതന്നെ ഡ്രൈവറെ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപ്രത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യാത്രക്കാരെ മറ്റൊരു വണ്ടിയിൽ വിമാനത്താവളത്തിലേക്ക് കയറ്റിവിടുകയും ചെയ്തു. കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെടിഡിഒ) എക്സിക്യൂട്ടീവ് മെമ്പറാണ് സുരേഷ്.
സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ഷീല ശങ്കുബസാർ മുല്ലങ്ങത്ത് കുടുംബാംഗം. മക്കൾ: വിഷ്ണു, സുഷിൽ (ഖത്തർ). മരുമകൾ: ശാമിനി.