ചൊക്കനയില്‍ കഴിഞ്ഞരാത്രിയിലും തൊഴിലാളിപാഡികളുടെ മുറ്റത്ത് കാട്ടാന
1538508
Tuesday, April 1, 2025 1:36 AM IST
വെള്ളിക്കുളങ്ങര: ചൊക്കന തോട്ടംമേഖലയിലെ കാട്ടാനശല്യത്തിനു കുറവില്ല. ഞായറാഴ്ച രാത്രി ചൊക്കനയിലെ തൊഴിലാളികളുടെ വാസസ്ഥലത്തെത്തിയ കാട്ടാന പുലരും വരെ പാഡികളുടെ മുറ്റത്ത് നിലയുറപ്പിച്ചത് തൊഴിലാളി കുടുംബങ്ങളുടെ ഉറക്കം കെടുത്തി.
കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാന പാഡികളിലേക്കുള്ള കുടിവെള്ള പൈപ്പുകളും ചവിട്ടി നശിപ്പിച്ചു. തകരാറിലായ പൈപ്പുകള്‍ മാറ്റി ഉച്ചയോടെ തോട്ടം അധികൃതര്‍ ജലവിതരണം പുനസ്ഥാപിച്ചു. കഴിഞ്ഞ ഒരുമാസത്തോളമായി പതിവായി പാഡികളുടെ മുറ്റത്തെത്തുന്ന കാട്ടാനയെ ഭയന്നാണ് ഇവിടത്തെ തൊഴിലാളികളുടെ ജീവിതം.
ഞായറാഴ്ച രാത്രി എട്ടോടെയെത്തിയ കാട്ടാനയെ പത്തോടെ തൊഴിലാളി പാഡികളിലുള്ളവര് ഒച്ചയെടുത്ത് തുരത്തിയെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ആന പാഡികള്ക്കുസമീപം വീണ്ടുമെത്തിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു മുറികള്‍ മാത്രമുള്ള തൊഴിലാളി പാഡികളില്‍ കഴിയുന്നവര്‍ക്ക് അടുക്കള പാത്രങ്ങളും വസ്ത്രങ്ങളും കഴുകുന്നതിനും ശുചിമുറിയില്‍ പോകുന്നതിനും പുറത്തിറങ്ങണം. എന്നാല്‍ മുറ്റത്ത് ആനയുടെ സാന്നിധ്യമുള്ളതിനാല്‍ ഭയം മൂലം പലപ്പോഴും രാത്രിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടേണ്ടിവരികയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇതാണവസ്ഥ. ഏതാനുംവര്‍ഷംമുമ്പ് ഇവിടെ തൊഴിലാളി പാഡിയോടുചേര്ന്ന് കാട്ടാന നില്ക്കുന്നതുകണ്ട് യുവതി കുഴഞ്ഞുവീണുമരിച്ചിരുന്നു. ഇതിനുശേഷം ഏറെ ഭയത്തോടയാണ് ഇവിടെയുള്ള തൊഴിലാളി കുടംബങ്ങള്‍ കഴിഞ്ഞു കൂടുന്നത്. രാത്രിയില്‍ വാസസ്ഥലത്ത് കാട്ടാനയെത്തുമ്പോള് സഹായത്തിനു വനപാലകരെ വിളിച്ചാലും പലപ്പോഴും അവര്‍ എത്താറില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
പാഡികള്‍ക്കു സമീപത്തേക്കു പതിവായി എത്തുന്ന കാട്ടാനയെ ഉള്‍ക്കാട്ടിലേക്കു തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.