വഖഫ് നിയമഭേദഗതി ബില്ലിനെ എംപിമാര്‍ പിന്തുണയ്ക്കണം: ഇരിങ്ങാലക്കുട രൂപത
1538513
Tuesday, April 1, 2025 1:36 AM IST
ഇരിങ്ങാലക്കുട: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ് ക്കു വരുമ്പോള്‍ അനുകൂലിച്ചു വോട്ടുചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളോട് ഇരിങ്ങാലക്കുട രൂപത ശക്തമായി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കെസിബിസിയുടെ നിലപാടിനോട് രൂപത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വഖഫിന്റെ അന്യായവും നിയമാനുസൃതമല്ലാത്തതുമായ അവകാശവാദങ്ങളുടെ പേരില്‍ മുനമ്പത്തെ ജനങ്ങള്‍ ആശങ്കയിലാണെന്നും അവരെ ഈ നിലയിലേക്ക് എത്തിച്ചത് വഖഫ് നിയമത്തിലെ ജനാധിപത്യവിരുദ്ധവും സാമൂഹിക നീതിയുടെ ലംഘനവുമായ ചില വകുപ്പുകളാണെന്നും കെസിബിസി ചൂണ്ടിക്കാട്ടിയിരുന്നു.
മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതം കൈവശം വച്ചുവരുന്ന ഭൂമിയിന്മേലാണ് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. മതനിയമത്തിന്റെ പിന്‍ബലത്തില്‍ ജനാധിപത്യാവകാശങ്ങളെ തകര്‍ക്കാനാവില്ലെന്നും ജനങ്ങളില്‍ വിഭാഗീയതയും സ്പര്‍ധയും ഉളവാക്കുന്ന അപരിഷ്കൃത നിയമങ്ങളെ ഇല്ലാതാക്കാന്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാകണമെന്നും ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു. മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ വഖഫ് നിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ റദ്ദാക്കണം. നിയമത്തിലെ 40-ാം അനുച്ഛേദം, ആരുടെയും സ്വത്തുക്കള്‍ കയ്യടക്കാന്‍ വഖഫിന് നല്കുന്ന അപ്രമാദിത്വം റദ്ദാക്കപ്പെടേണ്ടവയില് ഒന്നാണ്. അതുപോലെ വഖഫ് ട്രിബ്യൂണലിന്റെ വിധികളെ സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവില്ലെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്; അതും റദ്ദാക്കണം.
മുനമ്പത്തെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചുപോരുന്ന ഇരട്ടത്താപ്പ് അപലപനീയമാണെന്നും രൂപത ചൂണ്ടിക്കാട്ടി. ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍വേണ്ടി ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയുടെയും കോടതികളുടെയും പരമാധികാരളെ കവര്‍ന്നെടുക്കുന്ന വഖഫ് നിയമഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എതിര്ക്കരുതെ ന്നും രൂപത മുന്നറിയിപ്പുനല്‍കി.