കാടുകുറ്റിയിൽ വീണ്ടും പുലിയെത്തിയെന്ന് സൂചന
1538497
Tuesday, April 1, 2025 1:36 AM IST
കാടുകുറ്റി: ജനങ്ങളിൽ ഭീതിപരത്തി കാടുകുറ്റിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. രണ്ടുദിവസം മുമ്പുകണ്ടത് പൂച്ചപ്പുലിയാണെന്ന് വനംവകുപ്പ് നിഗമനത്തിലെത്തി, ആശങ്കകളൊഴിയുന്നതിനിടെയാണ് ഇന്നലെ കാടുകുറ്റി രണ്ടാംവാർഡിൽ വീണ്ടും പുലിയെ കണ്ടത്.
ചാലക്കുടിപ്പുഴയുടെ ഇരുകരകളും ഇന്നു ഭീതിയുടെ നിഴലിലാണ്. കാടുകുറ്റി ജംഗ്ഷനിൽനിന്നു പള്ളി റോഡിലുള്ള സിമേതിപ്പടിയില് വീട്ടുപറമ്പിലാണ് ഇന്നലെ വൈകീട്ട് പുലിയെ കണ്ടതെന്നു പരിസരവാസികള്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിശോധനനടത്തി കാല്‍പ്പാടുകളും കണ്ടെത്തി. കഴിഞ്ഞദിവസം കണ്ണമ്പുഴ കടവിൽകണ്ട പുലി പുഴയിലൂടെ നീന്തി മറുകരയെത്തിയെന്നാണ് നിഗമനം. ഭീതിവിട്ടൊഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധനടപടികളിലേക്കു നീങ്ങുകയാണെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ അറിയിച്ചു.
മുപ്പതോളം തെര്‍മല്‍ കാമറകള്‍ ചാലക്കുടിപ്പുഴയുടെ ഇടതുകര കേന്ദ്രീകരിച്ച് കാടുകുറ്റി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം. പുതുതായി ഒരു കൂട് കാടുകുറ്റി സിമേതിപ്പടിയിലും വയ്ക്കാന്‍ സാധ്യതയുണ്ട്. മറ്റു ഭാഗങ്ങളിൽനിന്നു കൂടുതല്‍ കൂടുകള്‍ എത്തിക്കാന്‍ ശ്രമംനടത്തുകയാണെന്ന് അധികൃതർ പറഞ്ഞു. പുഴയുടെ വലതുകരയില്‍ കണ്ണമ്പുഴ മുതല്‍ പടിഞ്ഞാറെചാലക്കുടി വരെയുള്ള പ്രദേശത്ത് 29 കാമറകള്‍ സ്ഥാപിക്കാന്‍ ചാലക്കുടി ഡിഎഫ്ഒയും തീരുമാനിച്ചിട്ടുണ്ട്. ഇവിടെ രണ്ടു കൂടുകള്‍ വച്ചിട്ടുണ്ട്.
ആര്‍ആര്‍ടി സംഘത്തിന്റെ പഴുതടച്ച പരിശോധന രാത്രിയും പകലും തുടരുകയാണ്.