തദ്ദേശസ്ഥാപനങ്ങൾക്കു നഷ്ടമായത് 1054 കോടി
1538495
Tuesday, April 1, 2025 1:36 AM IST
തൃശൂർ: പിണറായിഭരണത്തിൽ കതിരിനു വളംവയ്ക്കുന്നതുപോലെ അവസാനസമയം ഫണ്ട് അനുവദിച്ചതിലൂടെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കു കഴിഞ്ഞ നാലു സാമ്പത്തികവർഷംകൊണ്ട് നഷ്ടമായത് ഏകദേശം 1054 കോടി രൂപയാണെന്നു എൽഎസ്ജിഡി വെബ്സൈറ്റ് വ്യക്തമാക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവും ഡിസിസി പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ്.
ഈ സാമ്പത്തികവർഷത്തെ ജില്ലയുടെ ബജറ്റ് സംഖ്യയായ 740.87 കോടിയിൽ വർഷം അവസാനിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ ചെലവഴിച്ചത് 382 കോടിയാണ്. 358 കോടിയുടെ നഷ്ടം സംഭവിച്ചു. കഴിഞ്ഞവർഷത്തെ സ്പിൽ ഓവർ പദ്ധതികൾക്ക് ഈവർഷം ചെലവായ 196 കോടി കൂട്ടിയാൽ നഷ്ടം 162 കോടി രൂപയായി കുറയും. സമയത്തു ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറിനിയന്ത്രണത്തിലൂടെയും കോടികളുടെ വികസനപദ്ധതികളാണു ജില്ലയ്ക്കു നഷ്ടമായത്.
എല്ലാ ഫണ്ടും അനുവദിച്ചെന്ന് അവകാശപ്പെടുന്ന ധനമന്ത്രി, ഫണ്ട് കൊടുത്തതെന്നാണെന്നു വ്യക്തമാക്കണം. കഴിഞ്ഞമാസം 26 മുതലുള്ള ബില്ലുകൾമാത്രമാണു ക്യൂവിൽ വരികയുള്ളൂവെന്നു പറഞ്ഞെങ്കിലും 24 മുതലുള്ള ബില്ലുകൾ ക്യൂവിലാവുകയും ഒരു ലക്ഷംവരെയുള്ള ബില്ലുകളേ മാറേണ്ടതുള്ളൂവെന്നു നിർദേശംനൽകുകയും ചെയ്തതോടെ തദ്ദേശസ്ഥാപനങ്ങൾ സമർപ്പിച്ച ബില്ലുകൾ ഏപ്രിൽ ഒന്നിനുശേഷം മാത്രമേ മാറിക്കിട്ടൂ. ഈ സംഖ്യ അടുത്ത സാമ്പത്തികവർഷത്തെ വിഹിതത്തിൽനിന്നാണ് കുറവ് ചെയ്യുക. ഇതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ഇതുവരെ ജില്ലയിലെ 17 ട്രഷറികളിലായി 6335 ബില്ലുകളിലായി 124.87 കോടി ഇനിയും പാസാക്കാൻ ഉണ്ട്.
ജില്ലാ പഞ്ചായത്തിനു നഷ്ടമായത് ഏകദേശം 34 കോടിയാണ്. 84.57 കോടി വാർഷികവികസന ഫണ്ടിൽ ചെലവാക്കാനായത് 50.72 കോടിയാണ്. ഇതിൽ 21.3 കോടി കഴിഞ്ഞവർഷത്തെ പദ്ധതിയുടേതാണ്. 59.72 ശതമാനം ചെലവുമായി സംസ്ഥാനത്ത് പതിനൊന്നാംസ്ഥാനത്താണ് തൃശൂർ. ഇതിൽ 439 ബില്ലകളിലായി 13.47 കോടി രൂപ ഇനിയും പാസാകാനുണ്ട്. 20 ശതമാനം സ്പിൽഓവർ തുക സർക്കാർ അനുവദിച്ചാൽ 16.4 കോടി നഷ്ടത്തിൽ കുറയ്ക്കാനാകും. എന്നാൽ, കഴിഞ്ഞവർഷത്തെ സ്പിൽ ഓവർ തുകയായ 17 കോടിയും അതിനു മുൻവർഷങ്ങളിലെ സ്പിൽ ഓവർ തുകയും ഈ സാമ്പത്തികവർഷം തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ജില്ലാ പഞ്ചായത്തിന്റെ നഷ്ടം ഏറെയാണ്.
സമാനമായ രീതിയിൽ തൃശൂർ കോർപറേഷനു കോടികൾ നഷ്ടമായി. 80.10 കോടിയുടെ വാർഷികപദ്ധതിയിൽ 57.39 കോടിമാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. അതിൽ പത്തുകോടി സ്പിൽ ഓവർ പദ്ധതികളുടെ തുകയാണ്. കഴിഞ്ഞവർഷങ്ങളിലെ സ്പിൽ ഓവർ തുക ലഭിക്കാത്തതിനാൽ കോർപറേഷനു സംഭവിച്ച നഷ്ടം വലുതാണ്.
സമാനമായ രീതിയിലാണു ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നഷ്ടം നേരിട്ടത്. കേവലം മൂന്നു പഞ്ചായത്തുകൾക്കും ഒരു മുനിസിപ്പാലിറ്റിക്കും മാത്രമാണു ജില്ലയിൽ നൂറുശതമാനം ഫണ്ട് ചെലവഴിക്കാനായത്.