കളിയാട്ടമഹോത്സവം നാളെയും മറ്റന്നാളും ചിറ്റണ്ട ഗജ നാച്ചുറൽ പാർക്കിൽ
1538498
Tuesday, April 1, 2025 1:36 AM IST
തൃശൂർ: ഉത്തരമലബാറിൽ പ്രശസ്തമായ കളിയാട്ടത്തിനു വടക്കാഞ്ചേരി ചിറ്റണ്ട ഗജ നാച്ചുറൽ പാർക്കിലെ പുതിയകാവ് ഭദ്രകാളിക്ഷേത്രത്തിൽ വേദിയൊരുങ്ങുന്നു. നാളെ വൈകീട്ട് നാലുമുതൽ പിറ്റേന്ന് ഉച്ചയ്ക്കു 12 വരെയാണു പരിപാടി.പിറ്റേന്നു മഹാ അന്നദാനവും നടക്കും.
രണ്ടിനു വൈകീട്ട് അഞ്ചിനു സാംസ്കാരികസദസിൽ സിനിമാതാരങ്ങളായ മനോജ് കെ. ജയൻ, കൊല്ലം തുളസി, ശിവജി ഗുരുവായൂർ, അഖിൽ മാരാർ, ഊർമിള ഉണ്ണി, സരയു, സീനത്ത്, ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ തുടങ്ങിയവർ പങ്കെടുക്കും. കിഴൂർ പെരുമലയനെ പട്ടും വളയും നൽകി ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ, കെ.പി. മനോജ്കുമാർ എന്നിവർ ആദരിക്കും.
രാത്രി എട്ടിനു ശാസ്തപ്പൻവെള്ളാട്ടം. രാവിലെ പുതിയകാവ് ഭഗവതിയുടെ പീഠപ്രതിഷ്ഠയ്ക്കു തന്ത്രി കിഴൂരിടം (പഴശികോവിലകം) സ്ഥാനികൻ അനീഷ് പെരുമലയൻ കാർമികത്വം വഹിക്കും. വൈകീട്ട് നാലിനു കരിക്കിൽ അയ്യപ്പസ്വാമി ക്ഷേത്രസന്നിധിയിൽനിന്നു ചിറ്റണ്ട മാതൃശക്തിയുടെ നേതൃത്വത്തിൽ 1001 പേർ പങ്കെടുക്കുന്ന താലം, വാദ്യമേളം അകമ്പടിയോടെ പെരുമലയനെ പുതിയകാവ് ശ്രീ ഭദ്രകാളിക്ഷേത്രത്തിലേക്ക് ആനയിക്കും. ശാസ്തപ്പൻതിറ അവതരണവുമുണ്ടാകും. രാത്രി 11നു ഭദ്രകാളിയുടെ പുറപ്പാട്. മൂന്നിനു രാവിലെ ഒമ്പതിനു പുതിയകാവിലമ്മയുടെ തിരുമുടിയേറ്റി അരുൾ മൊഴിയേകും. രാവിലെ 8.30നു ഗുരുതിസമർപ്പണത്തോടെ കളിയാട്ടം സമാപിക്കും. തുടർന്നാണ് അന്നദാനം.
പത്രസമ്മേളനത്തിൽ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ്കുമാർ, സെക്രട്ടറി പി. ശശികുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. മഹേഷ്, കോ ഓർഡിനേറ്റർ ചന്ദ്രൻ രാമൻതറ എന്നിവർ പങ്കെടുത്തു.