പാർക്കിംഗിനു കൊള്ളപ്പിരിവ് ; ‘ന്നാ താൻ കേസ് കൊട് ’ എന്ന് കരാറുകാരൻ
1538494
Tuesday, April 1, 2025 1:36 AM IST
സി.ജി. ജിജാസൽ
തൃശൂർ: പാർക്കിംഗ് ഫീസ് നിരോധിച്ച കോർപറേഷനിൽ സ്വന്തം സ്ഥാപനത്തിൽത്തന്നെ കൊള്ളപ്പിരിവ് നടത്തുന്നു. അതും ഇരട്ടിയിലധികം തുക. പരാതി പറയുന്നവരോടു മോശമായി പെരുമാറിയും തുക ചോദിച്ചുവാങ്ങിയും കരാർ ജീവനക്കാരുടെ തോന്ന്യാസം. ജനറൽ ആശുപത്രിയിലാണ് ഒരിടവേളയ്ക്കുശേഷം പാർക്കിംഗിന്റെ പേരിൽ വീണ്ടും വിവാദം കത്തുന്നത്.
നിലവിൽ രണ്ടുമണിക്കൂർ നേരത്തേക്ക് ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുരൂപയും മുച്ചക്രവാഹനങ്ങൾക്കു പത്തുരൂപയും നാലുചക്രത്തിനു 15 രൂപയുമാണ് ഈടാക്കാൻ അനുവാദമുള്ളതെങ്കിലും നാലുമണിക്കൂർ നേരത്തേക്കുള്ള തുകയാണ് കരാർജീവനക്കാർ ആശുപത്രിയിൽ എത്തുന്നവരിൽനിന്ന് ഈടാക്കുന്നത്. മുന്പ് പരാതി ഉന്നയിക്കുന്നവരിൽനിന്ന് അനുവദനീയമായ തുകമാത്രമാണ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ജീവനക്കാർ കയർക്കുകയും അധികതുക ചോദിച്ചുവാങ്ങുകയുമാണ് ചെയ്യുന്നതത്രേ.
ആരോപണം ഉയർന്ന സാഹചര്യത്തിൽ മേയർ എം.കെ. വർഗീസ് ആശുപത്രിയിൽ നേരിട്ടെത്തി ജീവനക്കാരെ രൂക്ഷമായി വിമർശിക്കുകയും പാർക്കിംഗ് ഫീസ് നിരോധിക്കുകയും ചെയ്തത് ഏറെ ചർച്ചാവിഷയമായിരുന്നു. കുറച്ചുനാളത്തേക്കു നിരോധനം തുടർന്നെങ്കിലും ആശുപത്രിയുടെ പ്രവർത്തങ്ങൾക്കു ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാർക്കിംഗ് ഫീസ് തുടരുകയായിരുന്നു.
പലരും വാഹനം പാർക്ക് ചെയ്തുപോകുന്ന സമയം അധികമായതിനാലാണ് തുക ഇരട്ടിവാങ്ങുന്നതെന്നു ജീവനക്കാർ പറയുന്നു. എന്നാൽ സമയംപോലും രേഖപ്പെടുത്താതെയാണ് ഈ കൊള്ളപ്പിരിവ് നടത്തുന്നത്. പാർക്ക് ചെയ്തുപോകുന്ന വാഹനത്തിനു തകരാറുകൾ സംഭവിച്ചാലോ മോഷണം പോയാലോ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന ആശുപത്രി മാനേജ്മെന്റിന്റെ അറിയിപ്പോടെയാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. അത്യാഹിതമായി വരുന്നവരിൽനിന്നുപോലും രോഗികളെ ഡോക്ടറെ കാണിക്കുംമുൻപ് തുക ചോദിച്ചുവാങ്ങുന്നുവെന്നു വ്യാപക ആരോപണമുണ്ട്.