മാഗസിൻ കാലിയാക്കിയിട്ട് പൂരം വെടിക്കെട്ട് അപ്രായോഗികം
1538496
Tuesday, April 1, 2025 1:36 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വേല ആഘോഷത്തിനു ചെയ്തപോലെ തേക്കിൻകാട് മൈതാനത്തെ വെടിക്കോപ്പുപുര (മാഗസിൻ) കാലിയാക്കിയിട്ടശേഷം തൃശൂർ പൂരം വെടിക്കെട്ട് നടത്തുകയെന്നതു തീർത്തും അപ്രായോഗികമെന്നു വെടിക്കെട്ട് ലൈസൻസികൾ.
വേലയ്ക്ക് 500 കിലോയോളം വെടിക്കോപ്പുകൾമാത്രമാണ് പൊട്ടിച്ചതെന്നിരിക്കെ പൂരത്തിനു രണ്ടായിരം കിലോയോളം വെടിക്കെട്ടുസാമഗ്രികളാണ് പൊട്ടിക്കാനുള്ളത്. ഇവ സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതം രണ്ടു ദേവസ്വങ്ങളുടേയും ഇപ്പോഴത്തെ മാഗസിനുകൾതന്നെയാണ്. വെടിക്കോപ്പുകൾ വേറെയെവിടെയെങ്കിലും സൂക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വേറെ എവിടെയാണു സൂക്ഷിക്കുകയെന്നതിനും വ്യക്തമായ ഉത്തരമില്ല.
ദൂരെയെവിടെയെങ്കിലും സൂക്ഷിച്ചാൽതന്നെ വെടിക്കോപ്പുകൾ ആൾക്കൂട്ടത്തിനിടയിലൂടെ വെടിക്കെട്ടു നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുകയെന്ന ദൗത്യവും വലിയ വെല്ലുവിളിയാണ്.
മാഗസിനും വെടിക്കെട്ടു നടത്തുന്ന ഫയർലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്ന എക്സ്പ്ലോസീവ്സ് വകുപ്പിന്റെ പുതിയ നിയമഭേദഗതിയാണ് ഇപ്പോൾ പൂരം വെടിക്കെട്ടിനു പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. തേക്കിൻകാട് മൈതാനത്തെ മാഗസിനുകളും ഫയർലൈനും തമ്മിൽ 200 മീറ്റർ അകലമില്ല. അതുകൊണ്ടുതന്നെ അകലം സംബന്ധിച്ച് ഇളവുലഭിച്ചാൽമാത്രമേ മാഗസിനുകളിൽ വെടിക്കോപ്പുകൾ സൂക്ഷിച്ചുവയ്ക്കാനും പഴയപോലെ വെടിക്കെട്ട് നടത്താനും സാധിക്കൂ.
അതിനിടെ വെടിക്കെട്ട് അനുമതിയുടെ കാര്യത്തിൽ ജില്ലാ ഭരണകൂടം നിയമോപദേശം തേടാനൊരുങ്ങുകയാണ്. വേല വെടിക്കെട്ടിനു ഹൈക്കോടതി അനുമതിനൽകിയ സാഹചര്യത്തിൽ പൂരം വെടിക്കെട്ടിന് അനുമതിനേടാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്.