കണ്ണുതുറക്കാം, അപൂർവ നേട്ടത്തിന്റെ കാഴ്ചയിലേക്ക്
1538499
Tuesday, April 1, 2025 1:36 AM IST
വാടാനപ്പള്ളി: എട്ടുവർഷത്തിനിടെ മുന്നൂറുപേരെ ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു നയിച്ച് വാടാനപ്പിള്ളി സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ. സംഘടന ജാതിമത ഭേദമില്ലാതെയാണു 150 പേരുടെ നേത്രപടലങ്ങൾ കാഴ്ചയില്ലാത്തവർക്കു കൈമാറിയത്. ഇതിൽ പട്ടാളക്കാർമുതൽ ജനപ്രതിനിധികൾവരെയുണ്ട്. അടുത്തിടെ മരിച്ച വാടാനപ്പിള്ള നെല്ലിശേരി ജോയിയുടെ നേത്രപടലമാണ് ഏറ്റവുമൊടുവിൽ കൈമാറിയത്.
നേത്രദാന കണ്‍വീനർ അഡ്വ. പി.എഫ്. ജോയ്, ജോയിന്റ് കണ്‍വീനർ ലോനപ്പൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ. 125 വർഷം പിന്നിട്ട പള്ളി, ഇടവകയിലെ ആരു മരിച്ചാലും ഇവരുടെ നേതൃത്വത്തിലാണു ബന്ധുക്കളുമായി സംസാരിച്ചു നേത്രദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നത്. സൊസൈറ്റി ഓഫ് വിൻസെന്റ് ഡി പോൾ 2017ൽ ആണു രൂപീകരിച്ചത്. സന്പൂർണ നേത്രദാന ഇടവകയായി പ്രഖ്യാപിച്ചശേഷം 2022ൽ 248 കുടുംബങ്ങളാണു സമ്മതപത്രം ഒപ്പിട്ടുനൽകിയത്. മേഖലയിലെ പൊതുപ്രവർത്തകരുടെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും പിന്തുണയും ഇവരുടെ പ്രവർത്തനങ്ങൾക്കുണ്ട്.
പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും നേത്രദാനത്തെക്കുറിച്ചു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അഡ്വ. പി.എഫ്. ജോയ് പറഞ്ഞു.