പാതയോരങ്ങളിലെ പരസ്യ ബോർഡുകൾ നീക്കിത്തുടങ്ങി
1488077
Wednesday, December 18, 2024 6:57 AM IST
വടക്കാഞ്ചേരി നഗരസഭയിൽ
വടക്കാഞ്ചേരി: ഹൈക്കോടതി ഉത്തരവു പ്രകാരം പാതയോരങ്ങളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്ന നടപടി നഗരസഭയിൽ ആരംഭിച്ചു. ഓട്ടുപാറ മുതൽ അകമല വരെയുള്ള ഭാഗങ്ങളിലെ പാതയോരങ്ങളിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങളും വിവിധ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകളും ഉൾപ്പെടെയുള്ളവയാണ് നീക്കിയത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ സർവ്വകക്ഷിയോഗം ചേർന്ന് ബോർഡുകൾ നീക്കം ചെയ്യുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ മുതൽ ആദ്യ ഘട്ടമെന്ന നിലയിൽ ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്തത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടി - തൊഴിലാളി സംഘടനകളോട് കോൺക്രീറ്റ് ചെയ്ത സ്ഥാപിച്ച കൊടിമരങ്ങൾ എടുത്തു മാറ്റുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ഇവയെല്ലാം മുറിച്ച് മാറ്റുമെന്നും ബന്ധപ്പെട്ട ആളുകളിൽ നിന്നും പിഴ ഈടാക്കുമെന്നും നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകി.
വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ. മനോജിന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി നഗരസഭ പരിധിയിൽ നടത്തിയ അനധികൃത ബോർഡ് നീക്കൽ നടപടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൽ അക്ബർ, വിബി ടി. ബാലൻ, ആരോഗ്യ വിഭാഗം ജീവനക്കാരായ സുഭാഷ്, വിനോദ്, രാഹുൽ, ബിനോജ്, കിഷോർ, ഹെൽത്ത് വിഭാഗം ജീവനക്കാരായ അഭിജിത്, ജയകുമാർ, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിനങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
എരുമപ്പെട്ടി പഞ്ചായത്തിൽ
എരുമപ്പെട്ടി: പഞ്ചായത്തിൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അനധികൃതമായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യുന്നത്. ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള കൊടികളും പരസ്യ ബോർഡുകളും നീക്കം ചെയ്യുന്നുണ്ട്.
സ്വമേഥയാ ബോർഡുകൾ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുൻപ് നിർദ്ദേശം നൽകിയിരുന്നു.