നഗരത്തിലൂടെ സ്കേറ്റിംഗ്: മുംബൈ സ്വദേശി പിടിയിൽ
1488093
Wednesday, December 18, 2024 6:58 AM IST
തൃശൂർ: നഗരത്തിലൂടെ അപകടകരമായി സ്കേറ്റിംഗ് നടത്തിയയാൾ പിടിയിൽ. മുംബൈ സ്വദേശി സുബ്രതോ മണ്ടലാണ് (26) ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കോണ്‍ക്രീറ്റ് തൊഴിലാളിയായ സുബ്രതോ കഴിഞ്ഞയാഴ്ചയാണു തൃശൂർ സ്വരാജ് റൗണ്ടിലൂടെ അപകടരമായി സ്കേറ്റിംഗ് നടത്തിയത്.
സ്വരാജ് റൗണ്ടില്‍ ജനങ്ങള്‍ക്ക് അപകടമുണ്ടാക്കുംവിധം ഓട്ടോറിക്ഷയില്‍ പിടിച്ചു സ്കേറ്റിംഗ് നടത്തിയതു ദൃശ്യങ്ങൾസഹിതം വാര്‍ത്തയായതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇന്നലെ സ്കേറ്റിംഗിനായി വീണ്ടും നഗരത്തിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
കലൂരിലുള്ള സഹോദരനെ കാണാന്‍ ആറുദിവസം മുമ്പാണ് സ്കേറ്റിംഗ് നടത്തി മുംബൈയില്‍നിന്ന് ഇയാള്‍ കേരളത്തിലേക്കെത്തിയത്. കഴിഞ്ഞദിവസം പുതുക്കാട് ദേശീയപാതയുടെ സര്‍വീസ് റോഡിലൂടെ ഇയാള്‍ സ്കേറ്റിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുംവിധം പെരുമാറിയ വകുപ്പ് ചുമത്തി കേസെടുത്തശേഷം ഇയാളെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു.