തൊട്ടാൽ പൊള്ളും നേന്ത്രൻ
1487911
Tuesday, December 17, 2024 7:19 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഉത്പാദനം കുറഞ്ഞതോടെ നേന്ത്രക്കായവില കുതിക്കുന്നു. തൃശൂർ ജില്ലയുടെ വിവിധ മേഖലകളിൽ പച്ചക്കായ വില 75 മുതൽ 85 രൂപവരെയെത്തി.
ചാലക്കുടിയിൽ കർഷകരിൽനിന്ന് 70 രൂപയ്ക്കാണ് പച്ചക്കായ സംഭരിക്കുന്നത്. ഇതു ചില്ലറവില്പനയ്ക്കെത്തുന്പോൾ 75 മുതൽ 78 രൂപവരെയാകും. നേന്ത്രക്കുലയായി വാങ്ങുന്നവർക്ക് 72 രൂപയ്ക്കാണു നൽകുന്നത്. തൃശൂർ നഗരത്തിലും ഇതേ വിലയാണ്. എന്നാൽ, വടക്കാഞ്ചേരിൽ 85 രൂപവരെയാണു വില. സാധാരണഗതിയിൽ ഈ സമയം 60 രൂപവരെയാണ് പരമാവധി വില വരാറുള്ളത്. ജനുവരിയിൽ ട്രിച്ചിയിൽ വിളവെടുപ്പ് ആരംഭിക്കുന്നതോടെ കായവില താഴുമെന്നു ചാലക്കുടിയിലെ പച്ചക്കറിവ്യാപാരിയായ ജോർജ് വേഴപ്പറന്പിൽ പറഞ്ഞു.
കാലവർഷക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നേന്ത്രവാഴക്കൃഷി നടക്കുന്ന വയനാട്ടിൽ കൃഷി നശിച്ചത് ഉത്പാദനത്തിൽ വൻകുറവുണ്ടാക്കിയതാണു വില ഉയരാൻ കാരണം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതും വില ഉയർത്തി. കഴിഞ്ഞദിവസം വയനാട്ടിൽ ക്വിന്റലിന് 5500 രൂപയാണ്. 2016ൽ വില 5800 രൂപവരെ ഉയർന്നു. ഈ വർഷം ഓണക്കാലത്തുപോലും വില ക്വിന്റലിനൂ മൂവായിരത്തിൽതാഴെയായിരുന്നു.
കർണാടകയിൽനിന്നുള്ള നേന്ത്രക്കായയാണു വിപണികളിൽ കൂടുതൽ എത്തുന്നത്. കർണാടകയിലെ ശിവമൊഗ്ഗ, എൻആർ പുര, ഹുബ്ബള്ളി, ഹുൻസൂർ, അന്തർസന്തേ, ഹാൻഡ് പോസ്റ്റ്, എച്ച്ഡി കോട്ട തുടങ്ങിയ പ്രദേശങ്ങളിൽനിന്നും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തൃശിനാപ്പള്ളി, തക്കല എന്നിവിടങ്ങളിലും ഇക്കുറി കൃഷി കുറഞ്ഞു.