മേലൂരിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു
1488467
Thursday, December 19, 2024 8:58 AM IST
കൊരട്ടി: മേലൂരിൽ കൊരട്ടി പോലീസും ചാലക്കുടി എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇരുവകുപ്പുകളും നടത്തുന്ന പഴുതടച്ച അന്വേഷണത്തിലാണ് മേലൂർ കുന്നപ്പിള്ളി മൂക്കിന്നിച്ചിറ തോടിന്റെ പാർശ്വഭിത്തിയോടുചേർന്ന് ഒളിപ്പിച്ച രീതിയിൽ വാഷ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച് എക്സൈസ് വിഭാഗം കേസ് രജിസ്റ്റർചെയ്തു.
വരുംദിവസങ്ങളിൽ അടിച്ചിലി, പുഷ്പഗിരി, കുന്നപ്പിള്ളി അടക്കമുള്ള പ്രദേശങ്ങളിൽ സംയുക്ത റെയ്ഡ് ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണസംഘത്തിൽ കൊരട്ടി സിഐ അമൃത് രംഗൻ, എസ്ഐ സി.പി. ഷിബു, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ വി.ആർ. രഞ്ജിത്, സീനിയർ സിപിഒമാരായ സജീഷ്, അഭിലാഷ്, സിപിഒമാരായ അഖിലേഷ്, അജീഷ്, ഹോംഗാർഡ് ജോയ്, എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെയ്സൺ ജോസ്, പി.പി. ഷാജി, ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.