ആയിരങ്ങൾക്ക് അലിവിന്റെ രുചിപകർന്ന കൊളംബോ ജോസേട്ടൻ ഇനിയില്ല
1488081
Wednesday, December 18, 2024 6:57 AM IST
സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട: "ബീഫ് കഴിക്കണേൽ കൊളംബോ ഹോട്ടലീന്നു കഴിക്കണം. എന്റെ ജീവിതത്തിൽ ഇത്രയും നല്ല ബീഫ് ഞാൻ കഴിച്ചിട്ടില്ല.' വരവേല്പ് സിനിമയിൽ ഇന്നസെന്റ് മോഹൻലാലിനോടു പറയുന്ന ഈ ഡയലോഗ് മലയാളികൾക്കെല്ലാം ഓർമകാണും. അതാണ് ഇരിങ്ങാലക്കുടയിലെ കൊളം ബോ ഹോട്ടൽ. പൊറോട്ടയ് ക്കും ബീഫിനും ഏറെ പേരുകേട്ടയിടം, കൂടാതെ മീൻകറി ഊണിനും.
ആറരപതിറ്റാണ്ടുമുമ്പ് 1962 ല്‍ കയ്പമംഗലത്തുകാരനായ ചിറ്റിലപ്പിള്ളി ലോനപ്പനാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനോടുചേര്‍ന്ന് ഓലഷെഡ് കെട്ടി കൊളംബോ ഹോട്ടല്‍ തുടങ്ങിയത്. സിലോണില്‍ ഹോട്ടല്‍ നടത്തിയിരുന്ന അദ്ദേഹം ആ സ്മരണ നിലനിർത്താനാണ് "കൊളംബോ'എന്നു പേരിട്ടത്. ബ്രാ ഹ്മണസമുദായക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമായിട്ടും ഹോട്ടൽ ഇവിടെ പച്ചപിടിച്ചു. അപ്പനു പ്രായമായതോടെ മൂത്തമകൻ ജോസും അനുജൻ ജോർജും നിയന്ത്രണം ഏറ്റെടുത്തു. പതിയെപ്പതിയെ ഇരിങ്ങാലക്കുടക്കാരുടെ പ്രിയ രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമായി ഇവിടം മാറി.
എൺപതുകളുടെ ആരംഭത്തി ൽ ലോനപ്പൻ നന്പാടൻ ഇരിങ്ങാലക്കുട എംഎൽഎയായി വന്നതോടെ ഇവിടത്തെ നിത്യസന്ദർശകനായി. നന്പാടൻമാഷിന് ഒരു മേശയും ഒരു കസേ രയും ഇവിടെ ഉണ്ടായിരുന്നു. എംഎൽഎയ്ക്കുള്ള നിവേദനങ്ങളും അപേക്ഷകളുമെല്ലാം ഇടാൻ ഒരു ബോക്സും. കക്ഷിരാഷ്ട്രീയഭേദമെന്യേ നിരവധി രാഷ്ട്രീയചർച്ചകൾക്കും ഇവിടം വേദിയായി. രാഘവൻ പൊഴേക്കടവിൽ, ജോസ് താണിക്കൽ, ഒടുവിൽ തോമസ് ഉണ്ണിയാടൻവരെയുള്ള എംഎൽഎമാരും വി.വി. രാഘവൻ, കെ. മോഹൻദാസ് തുടങ്ങിയ എംപിമാരുമെല്ലാം ഇവിടത്തെ സന്ദർശകരായിരുന്നു. ഇടതുവലതു ഭേദമില്ലാതെ നേതാക്കൾ ഇവിടെ യോഗങ്ങൾ ചേരുകയും പ്രസ്താവനകൾ ഇറക്കുകയും അനുസ്മരണം നടത്തുകയുമെല്ലാം പതിവായിരുന്നു. മിക്ക നേതാക്കൾക്കും ജോസേട്ടന്റെ വക ഒരു ഫ്രീ ചായയുണ്ട്. ചേട്ടാ വിശക്കുന്നു എന്നുപറഞ്ഞ് കൈയില്‍ കാശില്ലാതെവരുന്ന ഒരാളെയും ജോസേട്ടന് വെറുംവയറോടെ മടക്കി അയയ്ക്കാറുമില്ല.
പ്രസ് ക്ലബ്, സിറ്റിസൺ ഫോറം, ശക്തി സാംസ്കാരികവേദി തുടങ്ങി മാധ്യമ കലാസാംസ് കാരിക കൂട്ടായ്മകൾക്കും കൊളംബോ വേദിയായി. 1992 ല്‍ തൃശൂരില്‍നിന്നു രാഷ്ട്രദീപിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതിന്റെ ഏജന്‍സി എടുത്ത് പ്രചാരകനുമായി. ജോസേട്ടന്റെ കാറിലാണ് സമീപ പ്രദേശങ്ങളില്‍ പത്രം വിതരണത്തിനായി എത്തിച്ചിരുന്നത്.
ഏവരോടും കുശലംപറഞ്ഞ് എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി കാഷ് കൗണ്ടറിൽ ജോസേട്ടനുണ്ടാകും. കൗണ്ടർ വിട്ടുപോകുമ്പോൾ ഭൂരിഭാഗംപേർക്കും ജോസേട്ടൻവക ഒരു സ് നേഹമധുരം; എക്ലയർ മിഠായി.
ഉച്ചസമയങ്ങളിൽ ഊണിനു നല്ല തിരക്കാണ്. എല്ലാ ടേബിളിന്റെ അരികിലും ജോസേട്ടൻ ഓടിവരും. ഒന്നോ രണ്ടോ വാക്കിൽ സ്നേഹപ്രകടനം. പരിചയക്കാർക്കു സ്പെഷൽ മീൻചാറ്.
ക്രൈസ്റ്റ് കോളജിൽനിന്നും ഉയരങ്ങളിലെത്തിയ പൂർവവിദ്യാർഥികൾ, പഴയ കോളജ് യൂണിയൻ ഭാരവാഹികൾ എന്നിവരെല്ലാം ഉദ്ഘാടനത്തിനോ പൂർവവിദ്യാർഥിസംഗമത്തിനനോ എത്തുമ്പോൾ ഓടി കൊളംബോയിലെത്തും. എല്ലാർക്കും പറയാനുണ്ടാകും ജോസേട്ടൻ കൊടുത്ത പൊറോട്ടയുടെയും ഇറച്ചിച്ചാറിന്റെയും കഥ. അല്ലെങ്കിൽ വിശന്നുവലഞ്ഞുവന്നപ്പോൾ കിട്ടിയ ഒരു സൗജന്യ ഉച്ചയൂണിന്റെ കഥ.
അതെ, പതിനായിരങ്ങൾക്ക് അന്നമൂട്ടിയ ജോസേട്ടൻ ഇനിയില്ലെങ്കിലും ഒരുപാടുപേരുടെ മനസിൽ സ്നേഹത്തിന്റെ രുചി മായാതെതന്നെ നിൽക്കും, സംശയമില്ല.