സർവീസ് പെൻഷൻകാരുടെ അവകാശ സംരക്ഷണത്തിനു സുപ്രീംകോടതി ഇടപെടൽ അനിവാര്യം: സുധീരൻ
1488092
Wednesday, December 18, 2024 6:58 AM IST
തൃശൂർ: കേരളത്തിലെ സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പരമോന്നത നീതിപീഠത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമായി വന്നിരിക്കുകയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു.
വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും ഒരു സർക്കാരിന്റെയും ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും ചൂണ്ടിക്കാണിച്ചുള്ള സുപ്രീംകോടതി വിധിപോലും മാനിക്കാതെ ഇടതുസർക്കാരിന്റെ ഔദാര്യമാണെന്ന നിലയിലാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്നും കേരളഅഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയന്റെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയൻ പ്രസിഡന്റ് വി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മുൻ എംപി രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, യൂണിയൻ ജനറൽ സെക്രട്ടറി വി.എസ്. സക്ന്ദകുമാർ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് പെരുന്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. സംവിധായകൻ കാവിൽരാജ്, സംസ്ഥാന സ്കൗട്ട് അവാർഡ് ജേതാവ് പി.കെ. ഭാസ്കരൻ എന്നിവരെയും 80 വയസു പിന്നിട്ട പെൻഷൻകാരെയും ചടങ്ങിൽ ആദരിച്ചു.