കെഎസ്ആർടിസി ബസിന്റെ മുന്നിലെ ടയർ പൊട്ടി
1488074
Wednesday, December 18, 2024 6:57 AM IST
പട്ടിക്കാട്: ദേശീയപാതയിൽ പട്ടിക്കാട് സെന്ററിനു സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ മുൻടയർ പൊട്ടി. ഓടുന്ന സമയത്താണ് ടയർ പൊട്ടിയതെങ്കിലും വലിയ വലിയ അപകടമാണ് ഒഴിവായത്.
പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോയിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ടയറാണ് പൊട്ടിപ്പൊളിഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴുമണിക്കാണ് പട്ടിക്കാട് മേൽപ്പാതയ്ക്ക് മുൻപ് ബസിന്റെ ടയർ പൊട്ടിയത്. ബസ്സിൽ യാത്രക്കാരും ഉണ്ടായിരുന്നു. ഹൈവേയിൽ വാഹനത്തിരക്കേറിയ സമയമായിരുന്നെങ്കിലും ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാഞ്ഞത് മൂലം വലിയ ദുരന്തം ഒഴിവായി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ഷൈജു കുര്യനും സുഹൃത്തും ചേർന്ന് പ്ലാസ്റ്റിക് ബാരിയർ വെച്ച് താൽക്കാലികമായി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
ഫിറ്റ്നസ് ഇല്ലാത്ത ബസ്സുകൾ ആണ് കെഎസ്ആർടിസിയുടെ ഭൂരിഭാഗവും നിരത്തുകളിൽ ഓടുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഏതുസമയത്തും അപകടത്തിൽ പെടാവുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ ബസ് സർവീസുകളോടും മറ്റു വാഹനങ്ങളോടും ഗതാഗത വകുപ്പും മറ്റ് ഉദ്യോഗസ്ഥരും കർശനമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്ന് നാട്ടുകാർ ആരോപിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.