പൊറത്തൂച്ചിറയില് മാലിന്യങ്ങള്‍ അടിയുന്നു
1488463
Thursday, December 19, 2024 8:58 AM IST
ഇരിങ്ങാലക്കുട: പൊറത്തിശേരി പൊറത്തൂച്ചിറയില് മാലിന്യംവന്നടിയുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ഇരിങ്ങാലക്കുടയില്നിന്നാരംഭിക്കുന്ന കല്ലരിത്തോടാണ് പൊറത്തിശേരി പൊറത്തൂച്ചിറയില് എത്തിച്ചേരുന്നത്.
കാലങ്ങളായി ഈ തോടുവഴി മാലിന്യമെത്താറുണ്ടെങ്കിലും ഈവര്‍ഷം അതിരൂക്ഷമായ അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 35, 36 പ്രദേശത്ത് ചിറ അടച്ചിട്ടസ്ഥലത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഓയിലിന്റെ അംശമുള്ളത് ഇരിങ്ങാലക്കുട ഭാഗത്തുള്ള ഷോപ്പുകളില്‍നിന്നുള്ള മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കുന്നത് മൂലമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇതുകൂടാതെ ഹോട്ടല്‍ മാലിന്യവും കക്കൂസ് മാലിന്യവുംവരെ ഈ തോട്ടിലേക്കാണ് പലരും ഒഴുക്കിവിടുന്നത്. പ്രദേശത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധംമൂലം ഭക്ഷണംകഴിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയാണെന്നും പറയുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്റെ നേതൃത്വത്തില്‍ വെള്ളം ശേഖരിച്ച് പരിശോധനയ്ക്കായി നല്‍കുകയും നഗരസഭയില്‍ പരാതിനല്‍കുകയും ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ മുമ്പും പരാതികള്നല്കുകയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുയും ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ചിറയില്‍നിന്നുള്ള വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനാല്‍ കൃഷിയും നശിക്കുന്ന അവസ്ഥയിലാണ്. പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായ സ്ഥിതിയാണെന്നും ഇവര്‍ പറഞ്ഞു.
പൊറത്തുച്ചിറയെ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പുനല്‍കി.