കരുതലും കൈത്താങ്ങും; ആനുകൂല്യങ്ങൾ ലഭ്യമാക്കാന്‍ ആവശ്യമെങ്കിൽ നിയമം മാറ്റിയെഴുതും: മന്ത്രി കെ. രാജൻ
1488088
Wednesday, December 18, 2024 6:57 AM IST
തൃശൂർ: സർക്കാർ ആനുകൂല്യങ്ങള്‍ ജനങ്ങൾക്കു ലഭ്യമാക്കാന്‍ ആവശ്യമെങ്കിൽ നിയമയും ചട്ടവും മാറ്റിയെഴുതുമെന്നു മന്ത്രി കെ. രാജൻ. ടൗൺഹാളിൽ തൃശൂര്‍ താലൂക്കുതല കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
കാഴ്ചപരിമിതിയും ശാരീരിക മാനസികവെല്ലുവിളികളും നേരിടുന്ന ആറുവയസുകാരൻ മരോട്ടിച്ചാൽ ബിനുവിന്റെ മകൻ അമ്പാടിക്കു ലയൺസ് ക്ലബ് നല്കിയ വീൽചെയർ കൈമാറി. ലൈഫ് പദ്ധതിയിൽ വീടു നിർമിച്ചുനല്കാൻ തൃശൂർ തഹസിൽദാർക്കു നിർദേശം നൽകി. 21 പേർക്ക് അർഹവിഭാഗത്തിലേക്കു റേഷൻ കാർഡ് മാറ്റിനൽകി. പത്തുപേർക്കു ചുവപ്പ് ബിപിഎൽ റേഷൻ കാർഡും 11 അപേക്ഷകർക്കു മഞ്ഞ എഎവൈ റേഷൻ കാർഡും നല്കി. അടാട്ട് ഗ്രാമപഞ്ചായത്തിലെ ചുങ്കത്ത് ജോൺസന്റെ വീട്ടുനമ്പർ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതി 15 ദിവസത്തിനകം പരിശോധിച്ചു പരിഹാരം കാണാൻ നിർദേശിച്ചു. ഒല്ലൂർ വില്ലേജിലെ നവജ്യോതിനഗറിൽ പതിമൂന്നും ശാന്തിനഗറിൽ ഏഴു പട്ടയങ്ങളും വിതരണം ചെയ്തു.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വി.എസ്. ലിജിഷ്മയെന്ന നാട്ടിക എസ്എൻ കോളജ് വിദ്യാർഥിക്കു തളിക്കുളം പഞ്ചായത്തിൽ അനുവദിച്ച ഭൂമിയിൽ ലൈഫ് പദ്ധതിയിൽ വീടു നിർമിച്ചുനല്കാൻ മന്ത്രി ഡോ.ആർ. ബിന്ദു തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നല്കി. മകന്റെ ഉപദ്രവത്തിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ട പാറളം ഗ്രാമപഞ്ചായത്തിലെ റോസിക്ക് (78) ഉടൻ സംരക്ഷണം ഉറപ്പാക്കാൻ തൃശൂർ ആർഡിഒയ്ക്കു നിർദേശം നല്കി. ത്വക്ക് അലർജിയിൽനിന്നു രക്ഷതേടി വീട്ടിൽ എസി ഘടിപ്പിച്ചതിനാൽ വിധവാപെൻഷൻ നല്‍കാതിരുന്ന വടൂക്കര പൂക്കാട് വീട്ടിൽ എ.വി. ജൈത്രിയുടെ പരാതിയിൽ പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാൻ നിർദേശിച്ചു.
അദാലത്തിൽ മൊത്തം 549 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 303 പരാതികളും നേരിട്ട് 246 പരാതികളും ലിച്ചു. ഓണ്‍ലൈനായി ലഭിച്ച 303 പരാതികളില്‍ 87 പേര് മന്ത്രിമാരെ നേരിൽക്കണ്ടും പരാതി ബോധിപ്പിച്ചിരുന്നു. 246 പരാതികള്‍ പുതിയതായി സ്വീകരിച്ചു. 135 പേര് മന്ത്രിമാരെ നേരില്‍ക്കണ്ടും പരാതിപ്പെട്ടു. ഇതിലെല്ലാം അടിയന്തരപരിഹാരത്തിനായി വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കു മന്ത്രിമാര്‍ നിര്‍ദേശം നല്കി.