""വെല്ലുവിളിയാകുന്നത് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾ''
1488091
Wednesday, December 18, 2024 6:58 AM IST
മുളങ്കുന്നത്തുകാവ്: ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾ വെല്ലുവിളിയാണെന്നും ആശുപത്രിജന്യമായ രോഗങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച ശില്പശാല.
മെഡിക്കൽ കോളജിലെ നഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമായി കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധസംഘമാണു ശില്പശാല നടത്തിയത്. ആശുപത്രിയിലെ ഇൻഫെക്ഷൻ കൺട്രോൾ പ്രവർത്തനത്തോടനുബന്ധിച്ചു മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു ശില്പശാല. നൂറിലേറെ ആരോഗ്യപ്രവർത്തകർ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക, മൈക്രോബയോളജി വകുപ്പ് മേധാവി ഡോ. കെ. പുഷ്പ, ഡോ. ലക്ഷ്മി ശങ്കർ, ഡോ. പി.വി. രമ്യ, നഴ്സിംഗ് സൂപ്രണ്ട് സോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. അമൃത മെഡിക്കൽ കോളജിലെ ഇൻഫെക്ഷൻ കൺട്രോൾ ഓഫീസർ ഡോ. ബി. പൂർണിമ, പി.കെ. ആന്റണി, ഫിനി കെ. ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു.