അണിയറയിൽ ഒരുങ്ങുന്നു... കൗതുകക്കാഴ്ചകളുടെ അദ്ഭുതലോകം
1488460
Thursday, December 19, 2024 8:37 AM IST
സി.ജി. ജിജാസൽ
തൃശൂർ: പൂരനഗരിയിൽ സാന്താപ്പൂരം ഒരുങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ അണിയറയിൽ ഒരുങ്ങുന്നതു സർപ്രൈസുകളുടെ വിസ്മയലോകം.
27 നാണ് പതിനായിരത്തിലേറെ ക്രിസ്മസ് പാപ്പമാർ അണിനിരക്കുന്ന ബോണ്‍ നത്താലെ നഗരത്തിൽ അരങ്ങേറുന്നത്. 20 ലേറെ ടാബ്ലോകൾ അഴകുപകരുന്ന ബോണ്‍ നത്താലെയിൽ ലൈറ്റുകൾകൊണ്ട് മായാജാലം ഒരുക്കുന്ന ഏദൻതോട്ടവും ദൃശ്യവിസ്മയമാകും. എൽഇഡി ലൈറ്റുകളാൽ ഒരുക്കുന്ന ഈ ഏദൻതോട്ടത്തിൽ പടർന്നുപന്തലിച്ച വൃക്ഷങ്ങളും പറന്നുനടക്കുന്ന ശലഭങ്ങളും കൗതുകക്കാഴ്ചകളുടെ പുതുലോകം സമ്മാനിക്കും.
ഇരുപതിൽ 14 ടാബ്ലോകളും 40 അടിയിലേറെ വലിപ്പത്തിലാണ് തയാറാക്കുന്നത്. ഇവയിൽ 14 അടി വലിപ്പമുള്ള ക്രിസ്മസ് വില്ലേജും ട്രെയിനുമാണ് മറ്റൊരു പ്രത്യേകത. തൃശൂരിന്റെയും കേരളത്തിന്റെയും തനിമ വിളിച്ചോതുന്ന ദൃശ്യങ്ങളും മോശയും കടലും ഉൾപ്പെടെ ബൈബിൾ ആസ്പദമാക്കിയുള്ള ടാബ്ലോകളും സാമൂഹ്യപ്രതിബദ്ധത വിഷയമാക്കുന്ന ടാബ്ലോകളും അണിയറയിൽ നിർമാണം പുരോഗമിക്കുകയാണ്.
ആറു ടാബ്ലോകൾ വിവിധ പള്ളികളിലാണ് തയാറാക്കുന്നത്. ക്രിസ്മസ് പാപ്പാമാർക്ക് ആവശ്യമായ വസ്ത്രങ്ങളും ജില്ലയിൽതന്നെയാണ് തയാറാക്കുന്നത്.
ബോൺ നത്താലെയിൽ കുട്ടിപ്പാപ്പാമാർക്കും കുടുംബമായി എത്തുന്ന പാപ്പാമാർക്കും പിറകെ വീൽചെയറിൽ വരുന്ന ഭിന്നശേഷിക്കാരായ സാന്താമാരും ബൈക്കിലും കുതിരപ്പുറമേറിവരുന്ന സാന്താമാരും ഉണ്ടാകും. പുതിയ പാട്ടും പുതിയ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന സാന്താമാർക്കുപുറമെ 20 പേരടങ്ങുന്ന ഓരോ ടീമുകളായി വിവിധ പള്ളികളിൽനിന്നെത്തുന്ന സംഘങ്ങൾ പ്രത്യേക വസ്ത്രങ്ങളും സ്വന്തമായി തയാറാക്കിയ കോറിയോഗ്രഫിയുമായി സ്വരാജ് റൗണ്ടിൽ ചുവടുവയ്ക്കും. ഇവയ്ക്കെല്ലാം പുറമെ ഭീമൻരൂപങ്ങളും ബോണ്‍ നത്താലെയിൽ രംഗത്തിറക്കാനും ആലോചനയുള്ളതായി ഭാരവാഹികൾ പറഞ്ഞു.