അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് 20ന്
1488087
Wednesday, December 18, 2024 6:57 AM IST
കൊടുങ്ങല്ലൂർ: അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റ് 20 ന് തുടങ്ങും 12 ദിവസം നീണ്ടുനിൽക്കുന്ന തീരദേശ മഹോത്സവം 31 ന് സമാപിക്കും. 20 ന് വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അന്നേദിവസം വൈകീട്ട് നാലിന് സീതിസാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. രാത്രി ഏഴിന് പിന്നണിഗായകർ എടപ്പാൾ വിശ്വവും റീന മുരളിയും നയിക്കുന്ന മെലഡി നൈറ്റ് അരങ്ങേറും.
21 ന് സാംസ്കാരികസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീകലാ കാരികളുടെ കലാവിരുന്ന് അരങ്ങേറും. 22 ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. ഡാൻസ് ആൻഡ് മ്യൂസിക് ബാന്ഡ് അരങ്ങേറും. 23 ന് അനുസ്മരണസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. നാടകോത്സവം അരങ്ങേറും.
24 ന് സാംസ്കാരികസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. റഗാസ ഫോക്ക് ബാൻഡിന്റെ നാടൻപാട്ടുകൾ അരങ്ങേറും. 25 ന് സാംസ്കാരികസദസ് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ഫ്യൂഷൻ അരങ്ങേറും. 26 ന് സാംസ്കാരിക സായാഹ്നം വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മ്യൂസിക്കൽ കോമഡി നൈറ്റ് അരങ്ങേറും. 27 ന് മൊയ്തുപടിയത്ത് സ്മാരക പുരസ്കാരം സിനിമാതാരം ഷീലക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. കുട്ടിക്കുപ്പായം സിനിമയുടെ 60 ാം വാർഷികവും ബഹദൂർ, പി. ഭാസ്കരൻ അനുസ്മരണവും നടക്കും. ഡോ. കെ. ജയകുമാർ, സംവിധായകരായ കമൽ, ഹരിഹരൻ, സത്യൻ അന്തിക്കാട്, വിനയൻ , അമ്പിളി എന്നിവർ പ്രസംഗിക്കും.
28 ന് മത്സ്യതൊഴിലാളികൾക്കുള്ള ആദരം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കൊല്ലം ഷാഫി നയിക്കുന്ന ഇശൽ രാവ് അരങ്ങേറും. 29 ന് വ്യവസായ സംരംഭകരുടെ കൂട്ടായ്മ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അലോഷി നയിക്കുന്ന പാട്ടും വർത്തമാനവും നടക്കും. 30 ന് ഡയാലിസിസ് കിറ്റ് വിതരണവും സാംസ്കാരിക സമ്മേളനവും കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകരായ അഫ്സലും അഖിലയും നയിക്കുന്ന ഗാനമേള അരങ്ങേറും.
31 ന് സമാപന സമ്മേളനം മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും. രാഗവല്ലി ബാന്റിന്റെ സംഗീത പരിപാടിക്കുശേഷം വർണമഴയോടെ ബീച്ച് ഫെസ്റ്റ് സമാപിക്കും. കടലിലേക്ക് ഉല്ലാസയാത്ര, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാട്ടർ സ്പോർട്സ്, വയനാടിനുവേണ്ടി ചൂള മരക്കാട്ടിൽ ഊഞ്ഞാലാട്ടം, ജില്ലാ ചാമ്പ്യൻഷിപ്പ് കബഡി, ബീച്ച് വോളി, വടംവലി, ചൂണ്ടയിടൽ മത്സരം, പട്ടം പറത്തൽ മത്സരം എന്നിവയും ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി ചെയർമാൻ ഇ.ടി. ടൈസൺ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനറൽ കൺവീനർ കെ.പി. രാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.എസ്. മോഹനൻ, കൺവീനർ സി.എ. നസീർ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, പി.കെ. അസീം, നൗഷാദ് കറുകപ്പാടത്ത്, സുമിതാ ഷാജി , അഷറഫ് പൂവത്തിങ്കൽ, സെക്രട്ടറി സെറീന. എ. അലി, പി.കെ. മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.