ഗ്ലോറിയ ഫെസ്റ്റ് സംഘടിപ്പിച്ചു
1488076
Wednesday, December 18, 2024 6:57 AM IST
തൃശൂർ: അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായി ഗായകസംഘ സംഗമം ഗ്ലോറിയ ഫെസ്റ്റ് എന്നപേരിൽ തൃശൂർ സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി.
പാടുംപാതിരി റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ മുഖ്യസന്ദേശം നൽകി. ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ് ചിറ്റിലപ്പിള്ളി സംഗീതവിരുന്നൊരുക്കി. മോണ്‍. ജോസ് കോനിക്കര, ഡയറക്ടർ ഫാ. ബിജു പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
ഫൊറോന അടിസ്ഥാനത്തിൽ കലാപരിപാടികളുടെ അവതരണം, സംഗമത്തിൽ പങ്കെടുത്ത എല്ലാവരും ഒരുമിച്ച് മെഗാ കരോൾ ഗാനം എന്നിവയുണ്ടായിരുന്നു. അതിരൂപതയിലെ വിവിധ പള്ളികളിലായി ഗായകസംഘത്തിൽ 25 വർഷംമുതൽ 60 വർഷംവരെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളവരെ മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സംഗീതോപകരണങ്ങളായ വയലിൻ, ഗിറ്റാർ, ഓടക്കുഴൽ എന്നിവ ഉപയോഗിച്ച് അതിരൂപതയിലെ വൈദികരും പരിപാടികൾ അവതരിപ്പിച്ചു.
രണ്ടായിരത്തോളംപേർ പങ്കെടുത്തു. ഗ്ലോറിയ ഫെസ്റ്റിനോടനുബന്ധിച്ച് അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘേഷം സംഘടിപ്പിച്ചിട്ടുണ്ട്.